LiveTV

Live

National

തമിഴ്നാട്ടില്‍ സ്വാധീനമുറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി

നിയമസഭയിൽ അക്കൗണ്ട് തുറക്കുന്നതിനപ്പുറം തമിഴ്നാട് രാഷ്ട്രീയത്തിൽ നിലയുറപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം

തമിഴ്നാട്ടില്‍ സ്വാധീനമുറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി

ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ തമിഴ്‌നാട്ടിൽ ബി.ജെ.പി പ്രചരണം തുടങ്ങി. നിയമസഭയിൽ അക്കൗണ്ട് തുറക്കുന്നതിനപ്പുറം തമിഴ്നാട് രാഷ്ട്രീയത്തിൽ നിലയുറപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

സീറ്റുകളുടെ എണ്ണത്തിലല്ല മറിച്ച് തമിഴ്‌നാട്ടിൽ സ്വാധീനം ഉറപ്പിക്കാനുള്ള തന്ത്രങ്ങളിലാണ് ബി.ജെ.പിയുടെ ശ്രദ്ധ. ആകെ മത്സരിക്കുന്നത് 20 സീറ്റുകളിൽ. എന്നാൽ സംസ്ഥാനത്തെ അന്‍പതിനായിരത്തിൽ അധികം ബൂത്തുകളിൽ കമ്മിറ്റി രൂപീകരിച്ച് ബി.ജെ.പി പ്രവർത്തനം തുടങ്ങി. ഒരു സീറ്റ് പോലും ഇല്ലാത്ത തമിഴ്നാട് നിയമസഭയിൽ ഇക്കുറി താമര വിരിയിക്കാനാകും എന്നാണ് നേതാക്കളുടെ പ്രതീക്ഷ. 10 സീറ്റിൽ എങ്കിലും വിജയിക്കാൻ കഴിയുമെന്നും കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ എ.ഡി.എം.കെ ജയിച്ച കോയമ്പത്തൂർ സൗത്തും മധുരൈ നോർത്തും ഇത്തവണ ബി.ജെ.പിക്ക് വിട്ടുനൽകിയിട്ടുണ്ട്. കോയമ്പത്തൂർ സൗത്തിൽ മഹിളാ മോർച്ച ദേശീയ അധ്യക്ഷ വനതി ശ്രീനിവാസനാണ് സ്ഥാനാർഥി. ഡി.എം.കെ ശക്തി കേന്ദ്രമായ തൗസന്‍റ് ലൈറ്റ്സിലും ഹാർബർ മണ്ഡലത്തിലും മത്സരിക്കുക വഴി ചെന്നൈ നഗരത്തിലും സാന്നിധ്യം ഉറപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. തൗസന്‍റ് ലൈറ്റ്സിൽ നടി ഖുശ്ബുവാണ് ബി.ജെ.പിക്കായി അങ്കത്തിനിറങ്ങുന്നത്.

നാഗർകോവിലും കോളച്ചലും ഉൾപ്പടെ കന്യാകുമാരി ജില്ലയിലെ മൂന്ന് മണ്ഡങ്ങളിലും ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്നു. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പും ബി.ജെ.പിക്ക് അഭിമാന പോരാട്ടമാണ്. അമിത്‌ ഷാ ഉൾപ്പടെയുള്ള ദേശിയ നേതാക്കൾ ഇതിനകം തന്നെ കന്യാകുമാരിയിൽ എത്തി പ്രചാരണം തുടങ്ങിവച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെ ഇറക്കി തമിഴ്നാട്ടിൽ പ്രചാരണം കൊഴുപ്പിക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്.