LiveTV

Live

National

"ഇന്ധന വില കുറയ്‌ക്കൂ , രാമഭക്തർക്ക് ഭക്ഷണം നൽകൂ" കേന്ദ്രത്തോട് ശിവസേന

വിഷയത്തിലെ ബോളിവുഡ് താരങ്ങളുടെ മൗനത്തെയും പാർട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിൽ വിമർശിച്ചു

"ഇന്ധന വില കുറയ്‌ക്കൂ , രാമഭക്തർക്ക് ഭക്ഷണം നൽകൂ" കേന്ദ്രത്തോട് ശിവസേന

ദിനേന വർധിക്കുന്ന ഇന്ധന വിലയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. രാമക്ഷേത്ര നിർമ്മാണത്തിന് ധനസമാഹരണം നടത്തുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാനുള്ള നടപടികളാണ് വേണ്ടതെന്ന് പാർട്ടി വ്യക്തമാക്കി. വിഷയത്തിലെ ബോളിവുഡ് താരങ്ങളുടെ മൗനത്തെയും പാർട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിൽ വിമർശിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് രാമഭക്തർക്ക് ഭക്ഷണം ഉറപ്പാക്കാൻ കഴിയുമെന്ന് സാമ്‌നയുടെ മുഖപ്രസംഗത്തിൽ പറയുന്നു. കേന്ദ്രം രൂപീകരിച്ച ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനാണ് രാമക്ഷേത്ര നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല. ക്ഷേത്ര നിർമാണത്തിനായി ഒരു രാജ്യവ്യാപക ധനസമാഹരണത്തിനു കഴിഞ്ഞ മാസം തുടക്കം കുറിച്ചിരുന്നു.

അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ബാധ്യതയാണെന്ന് ശിവസേന തുറന്നടിച്ചു. ഇന്ധന വിലവർധനയിൽ സമരങ്ങൾ നടത്താറുള്ള ബി.ജെ.പി ഇപ്പോൾ എന്ത് കൊണ്ടാണ് ദിനേന വർധിക്കുന്ന ഇന്ധന വിലയിൽ മൗനം അവലംബിക്കുന്നതെന്നു മുഖപ്രസംഗത്തിൽ പറയുന്നു. ഇപ്പോഴത്തെ വിലവർധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുൻപത്തെ സർക്കാരുകളെയാണ് പഴിക്കുന്നത്.

മുൻപത്തെ സർക്കാരുകൾ ഇന്ത്യയുടെ ഇന്ധന ഇറക്കുമതി കുറക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ജനങ്ങൾ ഇന്ധന വിലവർധനയിൽ കഷ്ടപ്പെടില്ലായിരുന്നെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.കോൺഗ്രസ് ഭരണകാലത്ത് ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച നടന്മാരായ അക്ഷയ് കുമാറും അമിതാഭ് ബച്ചനും നിലവിലെ ഇന്ധന വില വർധനവിൽ മൗനം പാലിക്കുന്നതിനെയും സാമ്നയിലെ മുഖപ്രസംഗം വിമർശിച്ചു.