LiveTV

Live

National

കലാപത്തിന്റെ മുറിവുണക്കി കർഷക സമരം ; മുസഫർനഗറിൽ മുസ്‌ലിംകളും ജാട്ടുകളും ഒന്നിക്കുന്നു

" ഇനി ഞങ്ങൾ അവർക്കുവേണ്ടിയും, അവർ ഞങ്ങൾക്ക് വേണ്ടിയും പോരാടും "

കലാപത്തിന്റെ മുറിവുണക്കി കർഷക സമരം ; മുസഫർനഗറിൽ മുസ്‌ലിംകളും ജാട്ടുകളും ഒന്നിക്കുന്നു

ഒരു കാലത്ത് മുസഫർനഗറിലെ തെരഞ്ഞെടുപ്പ് വിജയം തീരുമാനിച്ചിരുന്നത് ജാട്ടുകളും മുസ്‌ലിംകളും ചേർന്ന ജനസംഖ്യയുടെ മുപ്പത് ശതമാനമാണ്. 2013 ലെ കലാപമാണ് ഇരു സമുദായങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയത്. എന്നാൽ മുറിഞ്ഞു പോയ സാഹോദര്യത്തിന്റെ ചരടുകൾ കഴിഞ്ഞ കുറച്ചു നാളുകളായി വീണ്ടെടുപ്പിന്റെ പാതയിലാണ്. കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരായ സമരമാണ് ഇരു സമുദായങ്ങളും തമ്മിലുള്ള കൂടിച്ചേരലിനു കാരണമായത്.

പശ്ചിമ ഉത്തർ പ്രദേശിലെ ഡൽഹിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മുസഫർനഗർ. ജാട്ടുകളും മുസ്‌ലിംകളും കാലങ്ങളായി സൗഹൃദത്തോടും സാഹോദര്യത്തോടുമാണ് ഇവിടെ താമസിച്ചു വന്നത്. എന്നാൽ കലാപം ഇരു സമൂഹങ്ങളും തമ്മിൽ അകൽച്ചയുണ്ടാക്കി.ഇത്, അത് വരെ ചിത്രത്തിലില്ലാതിരുന്ന ബി.ജെ.പിയുടെ മേഖലയിലെ വളർച്ചക്ക് കാരണമാക്കി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി യുടെ വിജയത്തിന് കാരണമായ ദേശീയ രാഷ്ട്രീയ സാഹചര്യം ഒരുക്കുന്നതിനും മുസഫർനഗർ കലാപം കാരണമായിട്ടുണ്ട്.

മുസഫർനഗറിലെ ജാട്ട്-മുസ്‌ലിം സൗഹൃദത്തിന്റെ ഏറ്റക്കുറച്ചിലുകളിൽ ജീവിച്ചയാളാണ് ഗുലാം മുഹമ്മദ് ജൗല . രാകേഷ് തികായത്തിന്റെ നേതൃത്വത്തിൽ ഗാസിപൂർ അതിർത്തിയിൽ നടക്കുന്നതുൾപ്പെടെയുള്ള സമരങ്ങളാണ് തങ്ങളെ വീണ്ടും അടുപ്പിച്ചതെന്നു അദ്ദേഹം പറയുന്നു. " ഇനി ഞങ്ങൾ അവർക്കുവേണ്ടിയും, അവർ ഞങ്ങൾക്ക് വേണ്ടിയും പോരാടും " തന്റെ ഗ്രാമമായ ജൗലയാണ് അദ്ദേഹം തന്റെ പേരിന്റെ അവസാനമായി സ്വീകരിച്ചിരിക്കുന്നത്. "അവരെന്നാൽ ജാട്ടുകളും ഞങ്ങളെന്നാൽ മുസ്‌ലിംകളും" അദ്ദേഹം വിശദീകരിച്ചു.

ഭാരതീയ കിസാൻ യൂണിയന്റെ മുസ്‌ലിം മുഖമായിരുന്ന ജൗല ഈ പ്രദേശത്തെ അനിഷേധ്യനായ നേതാവ് കൂടിയാണ്. സംഘടനയുടെ നേതാവ് മഹേന്ദ്ര സിംഗ് ബാബ തികായതിന്റെ വളരെ അടുത്ത ആള് കൂടിയാണ് അദ്ദേഹം. 2011 ൽ ബാബയുടെ മരണശേഷമാണ് സംഘടനയുടെ ഉത്തരവാദിത്തം മക്കളായ നരേഷും രാകേഷും ഏറ്റെടുത്തത്.

എന്നാൽ കലാപത്തിന് ശേഷം ജൗല സംഘടനയുമായി അകലം പാലിച്ചു. തിക്കായത് സഹോദരങ്ങൾ കലാപത്തിന്റെ ഭാഗമായതിനു ശേഷമാണു സംഘടനയിൽ നിന്നും പുറത്തു പോയത്. അതിനു ശേഷം അദ്ദേഹം സ്വന്തം സംഘടനാ രൂപീകരിച്ചു. മുസഫർനഗറിൽ കലാപം കൊടുമ്പിരി കൊണ്ടതിന് ശേഷം ജാട്ടുകളും മുസ്‌ലിംകളും തമ്മിൽ ശത്രുത രൂക്ഷമായി.

അറുപതിലേറെ പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് മുസ്‌ലിം കുടുംബങ്ങൾ പലായനം ചെയ്യേണ്ടിയും വന്ന കലാപത്തെക്കുറിച്ച് ഓർമ്മിച്ചെടുക്കാൻ ജൗലക്ക് ആഗ്രഹമില്ല. കഴിഞ്ഞ മാസം നടന്ന മഹാപഞ്ചായത്തിൽ തങ്ങൾ ചെയ്തത് തെറ്റുകളായി അംഗീകരിക്കാൻ തികായത് സഹോദരന്മാരോട് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ബി.ജെ.പി ഗുണ്ടകൾ ഗാസിപൂർ അതിർത്തിയിൽ നടന്നു വരുന്ന സമരത്തെ ആക്രമിച്ചതിന് ശേഷമാണ് മഹാപഞ്ചായത് വിളിച്ചത്. ഇതേതുടർന്ന് അനേകം കർഷകരാണ് സമരമുഖത്ത് എത്തിയത്ത്.

"മുസ്‌ലിംകൾ എന്നും നിങ്ങൾ ജാട്ടുകൾക്കൊപ്പമുണ്ടായിരുന്നു. എന്നാൽ നിങ്ങൾ അവരെ 2013 ൽ കൊലപ്പെടുത്തുകയാണുണ്ടായത്." മുന്നോട്ട് പോകുന്നതിനു മുൻപായി തങ്ങൾ ഈ തെറ്റുകൾ അംഗീകരിക്കണമെന്ന പഞ്ചായത്തിന്റെ ആവശ്യം തികായത് സഹോദരങ്ങൾ അംഗീകരിച്ചത് ഹർഷാരവങ്ങളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. തങ്ങളുടെ തെറ്റുകൾ ഒരിക്കലും ആവർത്തിക്കില്ലെന്നും പഞ്ചായത്തിൽ പങ്കെടുത്തു കൊണ്ട് നരേഷ് തികായത് പറഞ്ഞു.

"ഈ ബന്ധം കൂടുതൽ ശക്തമായിട്ടുണ്ട്. അത് പോലെ തന്നെ തുടരുമെന്നാണ് പ്രതീക്ഷ.ഞങ്ങൾക്ക് പരസ്പരം ആവശ്യമുണ്ട് " ജൗല പറഞ്ഞു. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് ഒരു വർഷം അകലെ നിൽക്കുമ്പോൾ ജാട്ടുകളും മുസ്‌ലിംകളും തമ്മിലെ ഈ സൗഹൃദം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.