ടൂൾകിറ്റ് കേസിൽ ദിഷ രവിക്ക് ജാമ്യം
നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിഷക്ക് ബന്ധമുണ്ടെന്നായിരുന്നു പൊലീസ് ആരോപണം

ടൂൾ കിറ്റ് കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം. ഒരു ലക്ഷം രൂപ വീതം രണ്ട് ആൾ ജാമ്യത്തിൽ ദിഷയെ വിട്ടയക്കാൻ പാട്യാല ഹൗസ് കോടതിയാണ് ഉത്തരവിട്ടത്. ടൂൾ കിറ്റിന് റിപ്പബ്ലിക് ദിനത്തിലെ അക്രമവുമായി ബന്ധമുണ്ടെന്ന പൊലീസ് വാദത്തിന് തെളിവില്ലെന്ന് കണ്ടാണ് കോടതി നടപടി.
റിപബ്ലിക് ദിനത്തിൽ അക്രമം അഴിച്ചു വിടാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായിരുന്നു ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്വിറ്ററിൽ പങ്കു വെച്ച ടൂൾ കിറ്റ് എന്നതായിരുന്നു പോലീസ് വാദം. ദിഷ രവി അടങ്ങുന്ന സംഘമാണ് ടൂൾ കിറ്റ് നിർമ്മിച്ചതെന്നും പൊലീസ് ആരോപിച്ചു. എന്നാൽ ഇതിന് തെളിവ് എന്താണ് ഉള്ളതെന്നായിരുന്നു വാദം കേൾക്കവെ അഡീഷണൽ സെഷൻസ് ജഡ്ജി ധർമ്മേന്ദർ റാണയുടെ മറുചോദ്യം.
തെളിവ് ഹാജരാക്കാൻ പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് കോടതി ദിഷ രവിക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ വീതം രണ്ട് ആൾജാമ്യം വേണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. അന്വേഷണവുമായി സഹകരിക്കണമെന്നും രാജ്യം വിട്ട് പോകരുതെന്നും കോടതി നിർദേശിച്ചു. ജാമ്യം കിട്ടിയ സാഹചര്യത്തിൽ 4 ദിവസത്തെ കസ്റ്റഡി കൂടി വേണമെന്ന പൊലീസിന്റെ ആവിശ്യം ചീഫ് മെട്രൊ പൊളിറ്റൻ മജിസ്ട്രേറ്റ് തള്ളി. കേസിൽ ആരോപണ വിധേയരായ നികിത ജേകബ്, ശാന്തനു എന്നിവരുടെ അറസ്റ്റ് ബോംബെ ഹൈകോടതി തടഞ്ഞിട്ടുണ്ട്.