ഇറച്ചിക്ക് ആവശ്യക്കാരേറി; ആന്ധ്രയില്‍ കഴുതകള്‍ അപ്രത്യക്ഷമാകുന്നു
2011 ലെ ഫുഡ് സേഫ്റ്റി സ്റ്റാന്റേഡ് അനുസരിച്ച് കഴുതകളെ ഭക്ഷിക്കാനാകില്ല. എന്നാല്‍ ഭാരം ചുമക്കുന്ന മൃഗത്തിന്റെ മാംസം കഴിച്ചാല്‍ പൗരുഷം വര്‍ധിക്കുമെന്നാണ് കഴുതകളെ ആഹാരമാക്കുന്നവര്‍ പറയുന്നത്

കഴുതകളെ ആഹാരത്തിനായി കശാപ്പ് ചെയ്യുന്ന കേന്ദ്രങ്ങള്‍ ആന്ധ്രാപ്രദേശിലെ ചില ജില്ലകളില്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഗോദാവരി, കൃഷ്ണപ്രകാശം, ഗുണ്ടൂര്‍ എന്നീ ജില്ലകളില്‍ നിന്നാണ് ഇത്തരം കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2011 ലെ ഫുഡ് സേഫ്റ്റി സ്റ്റാന്റേഡ് അനുസരിച്ച് കഴുതകളെ ഭക്ഷിക്കാനാകില്ല. എന്നാല്‍ ഭാരം ചുമക്കുന്ന മൃഗത്തിന്റെ മാംസം കഴിച്ചാല്‍ പൗരുഷം വര്‍ധിക്കുമെന്നാണ് കഴുതകളെ ആഹാരമാക്കുന്നവര്‍ പറയുന്നത്. പക്ഷെ കഴുത ഇറച്ചി അങ്ങനെ ചെറിയ വിലയ്ക്കൊന്നും കിട്ടില്ല. അനധികൃതമായി കഴുതകളെ കശാപ്പു ചെയ്യുന്നവരില്‍ നിന്നും കിലോയ്ക്ക് ആയിരങ്ങള്‍ കൊടുത്താണ് കഴുത മാംസം ആവശ്യക്കാര്‍ സ്വന്തമാക്കുന്നത്.
നിരവധി ക്രിമിനല്‍ സംഘങ്ങള്‍ സംയുക്തമായാണ് ആന്ധ്രയില്‍ കഴുതകളെ കശാപ്പ് ചെയ്യുന്ന റാക്കറ്റ് നടത്തുന്നത്. ഒരു സംഘം കഴുതകളെ കശാപ്പ് ചെയ്യുമ്പോള്‍ മറ്റൊരു സംഘം ഇറച്ചി സംഭരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാംസം ആവശ്യക്കാരിലേക്ക് വിതരണം ചെയ്യുന്നത് മറ്റൊരു സംഘമാണ്.
നിരന്തരമായ കൊന്നൊടുക്കല്‍ കാരണം ആന്ധ്രാപ്രദേശിൽ കഴുതകളുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. അതിനാല്‍ തന്നെ രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ആന്ധ്രയിലേക്ക് മൃഗങ്ങളെ കൊണ്ടുവരണ്ട അവസ്ഥയാണെന്ന് കാക്കിനട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനിമൽ റെസ്ക്യൂ ഓർഗനൈസേഷന് എന്ന എൻ.ജി.ഒയുടെ സെക്രട്ടറി ഗോപാൽ ആർ സുറബത്തുള്ള പറഞ്ഞു.
കഴുതകളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പരതി കൂമ്പാരം തന്നെ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി തങ്ങള്‍ ഈ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും ഇവിടെ നിന്നും കഴുതകളെ കശാപ്പ് ചെയ്യുന്നതിന്റെ ധാരാളം വീഡിയോകളും ഫോട്ടോകളും തങ്ങള്‍ക്ക് ലഭിച്ചെന്നും ഇതെല്ലാം ഉള്‍പ്പെടുത്തി ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എന്‍.ജി.യോ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കഴുതകളെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണം. നിയമം കര്‍ശനമായി നടപ്പാക്കിയില്ലെങ്കില്‍ കഴുതകളെ ഇനിമുതല്‍ മൃഗശാലയില്‍ പോയി മാത്രം കാണേണ്ടിവരുമെന്നും ഇന്ന് കഴുതപ്പാലിനെക്കാളേറെ അതിന്റെ ഇറച്ചിക്കാണ് ആവശ്യക്കാരേറെയെന്നും എന്‍.ജി.ഒ പ്രതിനിധി സുറബത്തുള്ള പറഞ്ഞു.