ഭിമ കൊറെഗാവ് കേസില്‍ വരവര റാവുവിന് ജാമ്യം
ആറു മാസത്തേക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഭിമ കൊറെഗാവ് കേസില്‍ കുറ്റാരോപിതനായ പ്രശസ്ത തെലുഗു കവി വരവര റാവുവിന് ജാമ്യം. ആറു മാസത്തേക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് എസ്.എസ് ശിണ്ഡെ, മനീഷ് പിടാലെ എന്നിവരടങ്ങിയ ബഞ്ചാണ് ജാമ്യം നൽകിയത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വരവരറാവു ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്.
ഇടക്കാല ജാമ്യം ലഭിച്ച വരവരറാവു നിലവിൽ മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്.
മുംബെെ വിട്ടുപോകരുതെന്നും, അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നും കോടതി അദ്ദേഹത്തോട് നിർദേശിച്ചു. പാസ്പോർട്ട് എൻ.ഐ.എ കോടതിയിൽ സമർപ്പിക്കണം. കേസിൽ പ്രതി ചേർക്കപ്പെട്ടവരുമായി യാതൊരു വിധ ആശയവിനിമയത്തിനും ശ്രമിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
ഭിമ കൊറേഗാവ് കേസിൽ കുറ്റാരോപിതനായ വരവര റാവു 2018 ആഗസ്റ്റ് 28 മുതൽ എന്‍.ഐ.എ കസ്റ്റഡിയിലായിരുന്നു. റാവുവിന് ജാമ്യം നിഷേധിക്കുന്നത് മനുഷ്യവാകാശ ലംഘനമായി മാറുമെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.