ലിഫ്റ്റ് തകര്‍ന്നുവീണു; രക്ഷിച്ചത് ഹനുമാനെന്ന് കമല്‍നാഥിന്റെ ട്വീറ്റ്
ഗ്രൌണ്ട് ഫ്ലോറില്‍ നിന്ന് ലിഫ്റ്റില്‍ കയറിയെങ്കിലും മുകളിലേക്ക് പോകേണ്ടതിന് പകരം ലിഫ്റ്റ് പത്തടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് കയറിയ ലിഫ്റ്റ് തകര്‍ന്നു വീണു. ഇന്‍ഡോറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റാണ് തകര്‍ന്നു വീണത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മന്ത്രി രാമേശ്വര്‍ പട്ടേലിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കമല്‍നാഥും മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളും. അപ്പോഴാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഗ്രൌണ്ട് ഫ്ലോറില്‍ നിന്ന് ലിഫ്റ്റില്‍ കയറിയെങ്കിലും മുകളിലേക്ക് പോകേണ്ടതിന് പകരം ലിഫ്റ്റ് പത്തടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. നേതാക്കളായ ജിത്തു പട്വാരി, സജ്ജന്‍ സിങ് വര്‍മ, വിശാല്‍ പട്ടേല്‍ തുടങ്ങിയവരും കമല്‍നാഥിനൊപ്പമുണ്ടായിരുന്നു.
അപകടമുണ്ടായ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലിഫ്റ്റിന്റെ ഡോര്‍ തള്ളി തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലിഫ്റ്റ് എഞ്ചിനീയര്‍ എത്തി ഡോര്‍ തകര്‍ത്താണ് നേതാക്കളെ പുറത്തിറക്കിയത്. പിന്നീട് ഗോവണി വഴി നടന്ന് കയറി മുന്മന്ത്രിയെ കണ്ടശേഷമാണ് നേതാക്കള്‍ മടങ്ങിപ്പോയത്.
ലിഫ്ഫ് തകര്‍ന്നില്ലെന്നും ഭാരം കൂടിയതിനാല്‍ പത്തടി താഴേക്ക് പോകുക മാത്രമാണ് ഉണ്ടായതെന്നുമുള്ള വിശദീകരണമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ അടുത്തിടെ നിര്‍മിച്ച ആശുപത്രിയുടെ എലവേറ്റര്‍ തകര്‍ന്നത് ഞെട്ടലുണ്ടാക്കുന്നതായി മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൌഹാന് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹനുമാന്റെ അനുഗ്രഹം കൊണ്ടാണ് താന്‍ സുരക്ഷിതനായതെന്ന് കമല്‍നാഥ് പിന്നീട് പറഞ്ഞു. ഹനുമാന്‍ജിയുടെ കൃപ എല്ലായ്പ്പോഴും കൂടെയുണ്ട്, ജയ് ഹനുമാന് എന്നായിരുന്നു കമല്‍നാഥിന്റെ ട്വീറ്റ്.