LiveTV

Live

National

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ ബംഗാളിൽ വൻതോതിൽ സൈനിക വിന്യാസം

ഇതാദ്യമായാണ് ഒരു തെരഞ്ഞെടുപ്പിനു മുമ്പ് ഇത്രയേറെ സൈനികരെ ബംഗാളിൽ വിന്യസിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ ബംഗാളിൽ വൻതോതിൽ സൈനിക വിന്യാസം

അസംബ്ലി തെരഞ്ഞെടുപ്പിനുള്ള തിയ്യതി ഇതുവരെ പ്രഖ്യാപിച്ചില്ലെങ്കിലും ബംഗാളിൽ കേന്ദ്ര സൈനിക വിഭാഗങ്ങളുടെ കൂട്ടവിന്യാസം. 12 കമ്പനി സി.ആർ.പി.എഫ് സംസ്ഥാനത്തെത്തി. വ്യാഴാഴ്ചയോടെ കുറഞ്ഞത് 125 കമ്പനി കേന്ദ്ര സായുധ സൈനികർ ബംഗാളിലെത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ വൻതോതിൽ സൈന്യം എത്തുന്നതിൽ സംസ്ഥാനത്തെ തൃണമൂൽ കോൺഗ്രസ് സർക്കാറിന് അമ്പരപ്പുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

സി.ആർ.പി.എഫ് 60 കമ്പനി, സശസ്ത്ര സീമാബൽ 30 കമ്പനി, ബി.എസ്.എഫ് 25 കമ്പനി, സി.ഐ.എസ്.എഫും ഐ.ടി.ബി.പിയും അഞ്ച് കമ്പനി വീതം എന്നിങ്ങനെയാണ് ബംഗാളിലെത്തുന്നത്. അസിസ്റ്റന്റ് കമാൻഡിന്റെ നേതൃത്വത്തിലുള്ള ഓരോ കമ്പനിയിലും 80 മുതൽ നൂറു വരെ അംഗങ്ങളാണ് ഉണ്ടാവുക. കേന്ദ്രം അയക്കുന്ന സൈനികരുടെ ചെലവ് മുഴുവൻ സംസ്ഥാന സർക്കാറാണ് വഹിക്കേണ്ടത്.

സാധാരണ ഗതിയിൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമാണ് കേന്ദ്ര സൈന്യങ്ങളുടെ കൂടുതൽ കമ്പനികൾ സംസ്ഥാനങ്ങളിലെത്താറുള്ളത്. 2016-ൽ അസംബ്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം മുപ്പതും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം നാൽപതും കമ്പനികൾ ബംഗാളിലെത്തിയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിനു മുമ്പാണ് കൂടിയ തോതിൽ സായുധ സൈനികരെത്തുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു നീക്കം.

സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തൃപ്തരല്ലെന്ന സന്ദേശം സംസ്ഥാന സർക്കാറിന് നൽകാനാണ് ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. സമീപകാലത്തായി തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള സംഘർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

പ്രശ്‌നബാധിത പ്രദേശങ്ങളിലാവും കേന്ദ്ര സായുധ സൈനികരെ വിന്യസിക്കുക. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിലാവും വിന്യാസം. ബംഗാളിലെ ക്രമസമാധാനനില നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈയിടെ സൂചിപ്പിച്ചിരുന്നു. ദൈനംദിന സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ടയക്കാൻ കമ്മീഷൻ ജില്ലാ അധികാരികൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വൻതോതിൽ സൈനികരെ എത്തിക്കാനുള്ള തീരുമാനമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.