ഭാര്യയുടെ കഴുത്ത് കുത്തിക്കീറി ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊന്നു; യുവഡോക്ടർ അറസ്റ്റിൽ
ചെങ്കൽപ്പട്ട് മധുരാന്തകം ഹരിയുടെ മകൾ കീർത്തനയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഡോ. ഗോകുൽകുമാറാണ് പ്രതി
ചെന്നൈയിൽ ഭാര്യയുടെ കഴുത്ത് കുത്തിക്കീറി ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കൽപ്പട്ട് മധുരാന്തകം ഹരിയുടെ മകൾ കീർത്തനയാണ് (26) ദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഡോ. ഗോകുൽകുമാറാണ് പ്രതി.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കീർത്തനയുടെ കഴുത്ത് കുത്തിക്കീറിയ ശേഷം മൂന്ന് തവണയാണ് ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയത്. പ്രണയത്തിലായിരുന്ന ഗോകുലും കീർത്തനയും മൂന്നു വർഷം മുമ്പാണ് വിവാഹിതരാവുന്നത്. എന്നാൽ ഒരു വർഷമായി വേർപിരിഞ്ഞാണ് കഴിയുന്നത്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലാണ്.
രക്ഷിതാക്കൾക്കൊപ്പം കഴിയുന്ന കീർത്തനയെ വീട്ടിൽ അതിക്രമിച്ചുകടന്നാണ് പ്രതി കുത്തിപ്പരിക്കേൽപിച്ചത്. പുറത്തേക്കോടിയ കീർത്തന റോഡിൽ വീണു. ഉടൻ പുറത്ത് നിർത്തിയിട്ടിരുന്ന കാറെടുത്ത് ഗോകുൽ ശരീരത്തിൽ കയറ്റിയിറക്കി. കീർത്തന സംഭവസ്ഥലത്തുതന്നെ മരിച്ചു. ശരീരത്തിൽ ഇരുപതിലധികം കുത്തേറ്റിട്ടുണ്ട്. തടയാനെത്തിയ പിതാവ് ഹരിയേയും ഗോകുൽ കുത്തി പരിക്കേൽപിച്ചു.
പിന്നീട് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഗോകുൽ അച്ചരപാക്കത്തിന് സമീപം ബൈക്കുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതിയെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്തശേഷമാണ് മധുരാന്തകം പൊലീസ് അറസ്റ്റ് ചെയ്തത്.