മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്യപ്പെട്ട ബംഗ്ലാദേശി കുടിയേറ്റക്കാരൻ ബി.ജെ.പി നേതാവ്
"ബി.ജെ.പി ക്കാർക്ക് പൗരത്വ നിയമത്തിൽ പ്രത്യേക ഇളവുകളുണ്ടോ? രാജ്യത്തിനൊരു നിയമവും ബി.ജെ.പിക്ക് മറ്റൊന്നുമാണോ ? " കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ചോദിച്ചു

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനായി ആരോപിച്ച് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യപ്പെട്ടയാൾ ബി.ജെ.പി നേതാവ്. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ ബി.ജെ.പി ബന്ധത്തെ കുറിച്ച വിവരങ്ങൾ പുറത്തു വന്നതോടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. " പൗരത്വ നിയമത്തിൽ ബി.ജെ.പി അംഗങ്ങൾക്കായി പ്രത്യേക ഇളവുകൾ അമിത് ഷാ നൽകിയിട്ടുണ്ടോ? " കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ചോദിച്ചു.
വ്യാജ രേഖകളുമായി ഇന്ത്യയിൽ താമസിച്ചതിനാണ് ബംഗ്ലാദേശി പൗരനായ റുബെൽ ഷെയ്ഖിനെ ഈ മാസമാദ്യമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടയാളും ബി.ജെ.പി എം.പി ഗോപാൽ ഷെട്ടിയുമായി നിൽക്കുന്ന ചിത്രങ്ങൾ ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വടക്കേ മുംബൈയിലെ പാർട്ടിയുടെ ന്യൂനപക്ഷ സെല്ലിന്റെ അധ്യക്ഷനാണ് ഇയാളെന്നും പറയുന്നു.
" വടക്കേ മുംബൈയിലെ പാർട്ടിയുടെ ന്യൂനപക്ഷ സെല്ലിന്റെ അധ്യക്ഷൻ ബംഗ്ലാദേശുകാരനാണെന്നു വ്യക്തമായിരിക്കുകയാണ്. ഇത് സംഘ് ജിഹാദ് ആണോയെന്ന് ബി.ജെ.പി വ്യക്തമാക്കണം. ബി.ജെ.പി ക്കാർക്ക് പൗരത്വ നിയമത്തിൽ പ്രത്യേക ഇളവുകളുണ്ടോ? രാജ്യത്തിനൊരു നിയമവും ബി.ജെ.പിക്ക് മറ്റൊന്നുമാണോ ? "-സച്ചിൻ സാവന്ത് ട്വിറ്ററിൽ കുറിച്ചു.
വിവാദത്തിൽ വിശദീകരണവുമായി ബി.ജെ.പി നേതാവ് ഗോപാൽ ഷെട്ടി രംഗത്തെത്തി "റുബെൽ ഷെയ്ഖിനെ ഞങ്ങളുടെ പാർട്ടിയുടെ ന്യൂനപക്ഷ സെല്ലിൽ എടുത്തിരുന്നു.അദ്ദേഹം എന്നോടൊപ്പം ഫോട്ടോയും എടുത്തിരുന്നു. ഒരുപാട് പേര് ഇങ്ങനെ ചെയ്യാറുണ്ട്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കണം. അത്തരക്കാരെ കുറിച്ച് ഞാൻ പൊലീസിൽ വിവരം നൽകാറുണ്ട്." അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ഷെട്ടി ആവശ്യപ്പെട്ടു.