ഒരു എം.എല്‍.എ കൂടി രാജിവെച്ചു; പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ മങ്ങുന്നു
പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി നിന്ന് രാജിവെച്ചു. നാല് തവണ എം.എല്‍.എ ആയ ലക്ഷ്മിനാരായണന് ആണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവെച്ചു. നാല് തവണ എം.എല്‍.എ ആയ ലക്ഷ്മിനാരായണന് ആണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടിയില്‍ മുതിര്‍ന്ന അംഗമായിട്ടും കാര്യമായി പരിഗണിക്കുന്നില്ലെന്ന് പറഞ്ഞാണ് ലക്ഷ്മിനാരായണന് രാജിപ്രഖ്യാപിച്ചിരിക്കുന്നത്. താന്‍ പാര്‍ട്ടി വിടുന്നതായും അവര്‍ രാജിക്കത്തില്‍ വ്യക്തമാക്കുന്നു. മുതിര്‍ന്ന നേതാവാണെങ്കിലും മന്ത്രിസ്ഥാനം നല്‍കിയില്ല, ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ന്യൂനപക്ഷമാക്കിയെന്നും ഈ പ്രതിസന്ധിയില്‍ എന്നെ പൂര്‍ണമായും കുറ്റപ്പെടുത്താനാവില്ലെന്നും ലക്ഷ്മിനാരായണന് പറയുന്നു.
രാജിവെക്കുന്ന അഞ്ചാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ലക്ഷ്മിനാരായണന്. ലക്ഷ്മിയുടെ രാജിയോടെ വി.നാരായണസ്വാമി സര്‍ക്കാര്‍ പരുങ്ങലിലായി. 27 അംഗ സഭയില്‍ 13 പേരെ ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളൂ. നാളെയാണ് പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. പ്രതിപക്ഷത്ത് ഓള് ഇന്ത്യ എന്‍.ആര് കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ എന്നിവര്‍ക്കായി 11 എംഎല്‍എമാരുണ്ട്. കൂടാതെ ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമുണ്ട്. ഇതടക്കം എന്‍ഡിഎക്ക് 14 പേരാകും.
എന്നാല്‍ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. അതേസമയം വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പുതുച്ചേരിയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സായുധ സേനയുടെ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.