ഇന്ധന വില വര്‍ധന കുഴപ്പം പിടിച്ച പ്രശ്നമാണെന്ന് ധനമന്ത്രി
ഇന്ധനവില ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയാറാണെന്ന് ധനമന്ത്രി പറഞ്ഞു

ഇന്ധന വില വര്‍ധന കുഴപ്പം പിടിച്ച പ്രശ്നമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 'ഇത് വിഷമം പിടിച്ച പ്രശ്നമാണ്', താന്‍ ഒരു കേന്ദ്രമന്ത്രി മാത്രമാണ്, തനിക്ക് മാത്രമായി ഇതില്‍ ഒന്നും ചെയ്യാനില്ല, ഇന്ധന വില വര്‍ധന നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണെന്നും മന്ത്രി നിര്‍മ്മല സീതാരാമന് പ്രതികരിച്ചു.
ഇന്ധനവില ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയാറാണെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി പരിധിയിൽ വന്നാൽ രാജ്യമാകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാം. സംസ്ഥാനങ്ങൾക്കിടയിൽ സമവായം വേണം. നിയമഭേദഗതിയുടെ ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞു.