LiveTV

Live

National

ഗസ്റ്റ് ഹൗസില്‍ കൊതുകുശല്യം, മധ്യപ്രദേശ് മുഖ്യമന്ത്രി ഉറങ്ങിയില്ല; സബ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

ഗസ്റ്റ് ഹൗസ് പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നടപടിയെടുത്തിരിക്കുന്നത്

ഗസ്റ്റ് ഹൗസില്‍ കൊതുകുശല്യം, മധ്യപ്രദേശ് മുഖ്യമന്ത്രി ഉറങ്ങിയില്ല; സബ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

ഗസ്റ്റ് ഹൗസില്‍ കൊതുകുശല്യം മൂലം ഉറങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സബ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെതാണ് നടപടി. ഗസ്റ്റ് ഹൗസ് പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. സിദ്ധി ജില്ലയിലെ സര്‍ക്യൂട്ട് ഹൌസിന്‍റെ ചുമതലയുള്ള പി.ഡബ്ള്യൂ.ഡി സബ് എഞ്ചിനിയറായ ബാബു ലാല്‍ ഗുപ്തയെയാണ് സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധിയിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നു. എന്നാല്‍ അവിടെ ആവശ്യത്തിനുള്ള വൃത്തിയോ സൌകര്യങ്ങളോ ഉണ്ടായിരുന്നില്ല. സിദ്ധിയില്‍ വാഹനാപകടത്തില്‍ 52 പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനായി എത്തിയ മുഖ്യമന്ത്രി അന്ന് രാത്രി സിദ്ധിയിലെ ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. അവിടെ മുറികളെല്ലാം ശുചിത്വമില്ലാത്ത അവസ്ഥയിലായിരുന്നു. ഗസ്റ്റ്ഹൗസിന്‍റെ പരിപാലനത്തില്‍ ആവശ്യമായ ശ്രദ്ധ പാലിക്കുന്നില്ലെന്നും അദ്ദേഹം കണ്ടെത്തുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ മുറിയില്‍ നിറയെ കൊതുകുകളായിരുന്നു. വാട്ടര്‍ ടാങ്ക് നിറഞ്ഞു കവിഞ്ഞ് വെള്ളം പാഴാകുന്നതും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഗസ്റ്റ്ഹൗസ് ഉദ്യോഗസ്ഥരെ അദ്ദേഹം ശകാരിച്ചിരുന്നതായി ഉദ്യോഗസ്ഥന്‍ പറയുന്നു. മുഖ്യമന്ത്രി എത്തുമെന്നറിഞ്ഞിട്ടും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തതെന്ന് ഉദ്യോഗസ്ഥരും അറിയിച്ചു.