LiveTV

Live

National

ബി.ജെ.പി സര്‍ക്കാരിന്റെ മുസ്‌ലിം വിവേചനം തുറന്നുകാട്ടി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്

മുസ്‌ലിംകളോട് വ്യവസ്ഥാപിതമായി വിവേചനം കാണിക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ പീഡിപ്പിക്കുകയുമാണ് ഇന്ത്യന്‍ ഭരണകൂടം ചെയ്യുന്നത്

ബി.ജെ.പി സര്‍ക്കാരിന്റെ മുസ്‌ലിം വിവേചനം തുറന്നുകാട്ടി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്

മുസ്‌ലിങ്ങള്‍ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആസൂത്രിതമായി വിവേചനം കാണിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചി(എച്ച്.ആര്‍.ഡബ്ല്യു)ന്റെ റിപ്പോര്‍ട്ട്. മുസ്‌ലിംകളോട് വ്യവസ്ഥാപിതമായി വിവേചനം കാണിക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ പീഡിപ്പിക്കുകയുമാണ് ഇന്ത്യന്‍ ഭരണകൂടം ചെയ്യുന്നത്. ഇത്തരത്തിലുള്ള നിയമങ്ങളും നയങ്ങളുമാണ് ഇന്ത്യന്‍ ഭരണകൂടം തുടരുന്നതെന്നും എച്ച്.ആര്‍.ഡബ്ല്യു ആരോപിച്ചു.

മുസ്‌ലിങ്ങളോടുള്ള വിവേചനത്തിന് പുറമെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദ്രോഹിക്കാന്‍ നിയമങ്ങളും നയങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെളിപ്പെടുത്തി. 'ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കള്‍ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമണത്തിന് പങ്കാളികളാണെന്നും ആരോപണമുണ്ട്. എന്നാല്‍ വിശ്വസനീയവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിനുപകരം അധികൃതര്‍ പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭകരെ ലക്ഷ്യമിടുകയാണ് - ' റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ പൊലീസ്, കോടതികള്‍ പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി, മതന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ആക്രമിക്കാനും തീവ്രദേശീയവാദ ഗ്രൂപ്പുകളെ സഹായിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആക്രമണങ്ങളില്‍ നിന്ന് മുസ്‌ലിങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല, വര്‍ഗീയതയ്ക്ക് രാഷ്ട്രീയ പിന്തുണയും സംരക്ഷണവും നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ എച്ച്.ആര്‍.ഡബ്ല്യു ദക്ഷിണേഷ്യ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി വ്യക്തമാക്കി.

'ഈ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര നിയമത്തെയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം ഇന്ത്യയുടെ കടമകളെയും ലംഘിക്കുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വംശം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം അവസാനിപ്പിക്കണമെന്നും എല്ലാവര്‍ക്കും നിയമത്തിന്റെ തുല്യ പരിരക്ഷ നല്‍കണമെന്നും ആവശ്യപ്പെടുന്നതായും എച്ച്.ആര്‍.ഡബ്ല്യു ആവശ്യപ്പെട്ടു. മതപരവും മറ്റ് ന്യൂനപക്ഷവുമായ ജനങ്ങളെ സംരക്ഷിക്കാനും അവര്‍ക്കെതിരായ വിവേചനത്തിനും അക്രമത്തിനും ഉത്തരവാദികളായവരെ പൂര്‍ണ്ണമായും ന്യായമായും വിചാരണ ചെയ്യാനും ഇന്ത്യന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ് എന്നും എച്ച്.ആര്‍.ഡബ്ല്യു ഓര്‍മിപ്പിച്ചു.

ദല്‍ഹി കലാപത്തിന്റെ ഒന്നാം വാര്‍ഷകത്തിലാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.