മാസ്കും ഹെല്‍മറ്റും ധരിച്ചില്ല; വിവേക് ഒബ്റോയിക്കെതിരെ കേസെടുത്തു
വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യ പ്രിയങ്കക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

ബൈക്കില്‍ യാത്ര ചെയ്യവേ മാസ്ക് ധരിക്കാതിരുന്നതിന് നടന് വിവേക് ഒബ്റോയിക്കതിരെ കേസെടുത്തു. വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യ പ്രിയങ്കക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. മാസ്കും ഹെല്‍മറ്റും ധരിക്കാതെയാണ് വിവേക് ഒബ്റോയ് ബൈക്ക് ഓടിച്ചത്.
ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ നടന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അത് റിട്വീറ്റ് ചെയ്ത സാമൂഹ്യ പ്രവര്ത്തകന്, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെയും മുംബൈ പൊലീസിനെയും ടാഗ് ചെയ്തു. നടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടാഗ് ചെയ്തത്.
മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷനിലാണ് വിവേക് ഒബ്റോയിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 188, ഐപിസി 269, കോവിഡ് മുന്‍കരുതല്‍ 2020, മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. കേസെടുത്തതിനൊപ്പം ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തി.