യുദ്ധവിമാനത്തില്‍ ബിജെപി എംപി തേജസ്വി സൂര്യയുടെ സവാരി; പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം
പ്രതിരോധ വകുപ്പിന്റെ ഒരു തരത്തിലുമുള്ള ചുമതലയും ഇല്ലാത്ത തേജസ്വി സൂര്യ എങ്ങനെ വിനോദ സവാരി നടത്തി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

'ഏറോ ഇന്ത്യ 2021' വ്യോമപ്രദർശനത്തിനിടെ ബി.ജെ.പി എംപി തേജസ്വി സൂര്യ യുദ്ധവിമാനത്തിൽ നടത്തിയ സവാരിക്കെതിരെ പാർട്ടിയിലും സോഷ്യല്‍ മീഡിയയിലും വിമർശനം. പ്രതിരോധ വകുപ്പിന്റെ ഒരു തരത്തിലുമുള്ള ചുമതലയും ഇല്ലാത്ത തേജസ്വി സൂര്യ, സ്വന്തം മണ്ഡലത്തിന്റെ പരിധിയില്‍ അല്ലാതിരുന്നിട്ടും എങ്ങനെ വിനോദ സവാരി നടത്തി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
ബംഗളൂരു സൌത്ത് എംപിയാണ് തേജസ്വി സൂര്യ. വ്യോമപ്രദര്‍ശനം നടന്നത് അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ അല്ല. ''പ്രതിരോധകാര്യ പാർലമെന്ററി സമിതിയിലെങ്കിലും തേജസ്വി സൂര്യ അംഗമായിരുന്നുവെങ്കിൽ ഇത്തരത്തില്‍ യാത്ര നടത്തിയത് മനസ്സിലാക്കാമായിരുന്നു''വെന്ന് ബിജെപി മുതിര്‍ന്ന നേതാവ് പ്രതികരിച്ചെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റില്‍ ദിവസങ്ങളോളം ഹാജരാകാതെ യുദ്ധവിമാനത്തില്‍ സവാരി നടത്തിയതിനെതിരെയും ബിജെപിക്കുള്ളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
രണ്ട് പേർക്ക് മാത്രം ഇരിക്കാവുന്ന തേജസ് യുദ്ധവിമാനത്തിൽ ഒരു യാത്രക്ക് ശരാശരി 8-10 ലക്ഷമാണ് ചെലവ്. ഇന്ധനം, ലൂബ്രിക്കൻഡുകൾ, പാരച്യൂട്ട് ഉൾപ്പെടെ ഓരോ യാത്രയിലും കരുതേണ്ട കാര്യങ്ങള്‍ കൂടി ചേര്‍ത്താണ് ഈ ചെലവ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇത്തരം ആഡംബര യാത്രകള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു.
പ്രതിരോധ ഗവേഷണ, വികസന വകുപ്പിന് കീഴിലെ വ്യോമയാന വികസന ഏജൻസിയാണ് വിനോദ സവാരിക്ക് അനുമതി നല്‍കുന്നത്. ഇത്തരം സവാരികൾ സാധാരണയായി പ്രധാനപ്പെട്ട വിശിഷ്ടാതിഥികൾ, സർക്കാരിലെ ഉന്നത നേതൃത്വം, പ്രതിരോധ റിപ്പോർട്ടിങ് ചുമതലയുള്ള മാധ്യമ പ്രവർത്തകർ എന്നിവര്‍ക്ക് അനുവദിക്കാറുണ്ട്.