പതഞ്ജലിയുടെ കോവിഡ് മരുന്നിന് 'ശാസ്ത്രീയ തെളിവു'കളുമായി ബാബാ രാംദേവ്
കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പങ്കെടുത്ത ചടങ്ങിലാണ് തെളിവ് പുറത്തുവിട്ടത്.

പതഞ്ജലിയുടെ കോവിഡിനുള്ള മരുന്ന് 'കൊറോണി'ലിന് ശാസ്ത്രീയ തെളിവുകളുമായി ബാബാ രാം ദേവ്. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പങ്കെടുത്ത ചടങ്ങിലാണ് തെളിവ് പുറത്തുവിട്ടത്. കൊറോണിൽ കഴിച്ച് രോഗം ഭേദമായെന്നും രാംദേവ് അവകാശപ്പെട്ടു.
“ഞങ്ങളുടെ കോവിഡ് -19 ഇമ്മ്യൂണിറ്റി ബൂസ്റ്ററുകൾ ആയുർവേദ സസ്യങ്ങളായ ഗിലോയ്, തുളസി, അശ്വഗന്ധ എന്നിവ അടങ്ങിയിട്ടുള്ളതാണ്. കൊറോണ വൈറസ് ബാധിതരുടെ ചികിത്സയിൽ ഫലപ്രദമാണ് ഇവ" , രാംദേവ് പറഞ്ഞു.
രാംദേവിന്റെ 'പതഞ്ജലി ആയുർവേദ്' എന്ന കമ്പനി കോവിഡിനെതിരെ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി മുമ്പും രംഗത്തെത്തിയിട്ടുണ്ട്. 'കൊറോണിൽ', 'സ്വാസരി' എന്നിങ്ങനെ രണ്ട് മരുന്നുകളുടെ പാക്കേജ് ആയി 'ദിവ്യ കൊറോണ' എന്ന പേരിലുള്ള കിറ്റ് വിപണിയിൽ എത്തിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. രോഗം ഭേദപ്പെടുത്താനുള്ള മരുന്ന് തങ്ങളുടെ പക്കലുണ്ടെന്ന് കാണിച്ച് പരസ്യം നൽകുകയും ചെയ്തിരുന്നു. കോവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി ബാബാ രാംദേവ് എത്തിയിരുന്നെങ്കിലും ഇതിനെതിരെ ആരോഗ്യ വിദഗ്ധർ പ്രതികരിച്ചതോടെ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടു.
കോവിഡിന് മരുന്നു കണ്ടുപിടിച്ചെന്ന പേരില്‍ പ്രചരണം നടത്തി ലാഭം കൊയ്തതിന് പതഞ്ജലിക്ക് പത്ത് ലക്ഷം രൂപ പിഴ മദ്രാസ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാൽ മരുന്നിന്റെ ലൈസൻസിനായി ഉത്തരാഖണ്ഡ് സർക്കാരിന് നൽകിയ അപേക്ഷയിൽ പനി, ചുമ എന്നീ രോഗങ്ങള്‍ക്കും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുമാണ് മരുന്ന് എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.