പ്രണയിതാക്കൾക്കായി ഡേറ്റിങ് ഡെസ്റ്റിനേഷനും കോഫി ഷോപ്പും വാഗ്ദാനം ചെയ്ത് കോൺഗ്രസ്; ലവ് ജിഹാദെന്ന് ബിജെപി
കോൺഗ്രസ് പ്രകടന പത്രിക ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിജെപി

അഹമ്മദാബാദ്: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഡേറ്റിങ് ഡെസ്റ്റിനേഷനും കോഫി ഷോപ്പും വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രകടന പത്രിക. വഡോദര മുനിസിപ്പൽ കോർപറേഷിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലാണ് കോൺഗ്രസ് പുതുതലമുറയെ ആകർഷിക്കാനായി പുതിയ വാഗ്ദാനങ്ങൾ നൽകിയത്. യുവാക്കൾ, വിദ്യാർത്ഥികൾ, പ്രണയിതാക്കൾ കോർപറേറ്റുകൾ എന്നിവർക്കായി കോഫീ ഷോപ്പ് ഉൾപ്പെടുന്ന ഡേറ്റ് ഡെസ്റ്റിനേഷൻ ഒരുക്കാമെന്നാണ് വാഗ്ദാനം.
വാഗ്ദാനത്തിനെതിരെ ബിജെപി രംഗത്തു വന്നു. 'ഇറ്റാലിയൻ സംസ്കാരത്തിന്റെ സ്വാധീനത്തിൽ' നിന്നാണ് പ്രകടനപത്രിക ഉണ്ടാക്കിയത് എന്നും വഡോദരയുടെ സാംസ്കാരിക പൈതൃകത്തെ നശിപ്പിക്കാനാണ് ശ്രമമെന്നും ബിജെപി ആരോപിച്ചു. 'ഇത് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഞങ്ങൾ അതിനെതിരാണ്' എന്നാണ് വഡോദര ബിജെപി പ്രസിഡണ്ട് വിജയ് ഷാ പറഞ്ഞത്.
അധികാരത്തിലെത്തിയാൽ 'ഐക്കണിക് വഡോദര' സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം. സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ആധുനിക സ്കൂൾ, എല്ലാ പ്രദേശത്തും സൗജന്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മികച്ച ആരോഗ്യ സംവിധാനങ്ങൾ, കുറഞ്ഞ കെട്ടിട നികുതി തുടങ്ങിയവയെല്ലാം കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു.
സമൂഹത്തിലെ ദുർബലമായ വിഭാഗങ്ങളെ മുമ്പിൽക്കണ്ടാണ് ഇത്തരമൊരു നിർദേശം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയത് എന്ന് കോൺഗ്രസ് പ്രസിഡണ്ട് പ്രശാന്ത് പട്ടേൽ പറഞ്ഞു. ജനങ്ങളുടെ നിർദേശം പത്രികയിൽ ഉൾപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പണമുള്ളവർക്ക് നഗരങ്ങളിലെ കഫേകളിലേക്ക് പോകാം. എന്നാൽ ദരിദ്ര വിഭാഗങ്ങളിലെ യുവാക്കൾ എങ്ങോട്ടു പോകും? അവർക്ക് വിശ്രമിക്കാനും സമയം ചെലവഴിക്കാനുള്ള സ്ഥലം എന്നതാണ് ആശയം' - അദ്ദേഹം വിശദീകരിച്ചു.