ദിശ രവിയുടെ ഹരജിയില്‍ പ്രമുഖ മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
ഫെബ്രുവരി 19ന് കോടതി ഹരജിയില്‍ വാദം കേള്‍ക്കും. സോഷ്യല്‍ മീഡിയ ടൂള്‍കിറ്റ് വിവാദത്തില്‍ ദേശദ്രോഹ കുറ്റം ചുമത്തി കഴിഞ്ഞ ദിവസം ദിശ രവിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്റേര്‍ഡ് അതോരിറ്റിക്കും രാജ്യത്തെ ചില മാധ്യമങ്ങള്‍ക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അന്വേഷണം നടക്കുന്നതിനിടെ പ്രധാനപ്പെട്ട തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നതും കേസുകളില്‍ ഉത്തരവാദിത്തപ്പെട്ട റിപ്പോര്‍ട്ടിങ്ങ് മാധ്യമങ്ങള്‍ ഉറപ്പുവരുത്തണമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ദിശയുടെ ഹരജി. ഫെബ്രുവരി 19ന് ഹരജിയില്‍ വാദം കേള്‍ക്കും.
സോഷ്യല്‍ മീഡിയ ടൂള്‍കിറ്റ് വിവാദത്തില്‍ ദേശദ്രോഹ കുറ്റം ചുമത്തി കഴിഞ്ഞ ദിവസം ദിശ രവിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ശേഷം തന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ പലതും പൊലീസില്‍ നിന്നും ചില മാധ്യമങ്ങള്‍ക്ക് ചോര്‍ന്നിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരജി സമര്‍പ്പിച്ചതെന്നും ദിശ രവി പറയുന്നു.
ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്റേര്‍ഡ്സ് അസോസിയേഷന് പുറമെ, ന്യൂസ് 18, ഇന്ത്യ ടുഡേ, ടൈംസ് നൌ എന്നീ ചാനലുകളെ പേരെടുത്ത് പരാമര്‍ശിച്ചാണ് ദിശ രവിയുടെ അഭിഭാഷകന് ഹരജി സമര്‍പ്പിച്ചത്.