LiveTV

Live

National

കർഷക സമരം തിരിച്ചടിച്ചു; പഞ്ചാബിൽ ബിജെപിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ്‌- കണക്കുകൾ ഇങ്ങനെ

പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലും ബിജെപിക്ക് ഞെട്ടിക്കുന്ന തിരിച്ചടി

കർഷക സമരം തിരിച്ചടിച്ചു; പഞ്ചാബിൽ ബിജെപിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ്‌- കണക്കുകൾ ഇങ്ങനെ

ചണ്ഡിഗഡ്: പഞ്ചാബ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ച കർഷക രോഷം ബിജെപിയെ സംസ്ഥാനത്തു നിന്ന് തൂത്തെറിഞ്ഞു. മുനിസിപ്പൽ കോർപറേഷനുകളിലേക്കും കൗൺസിലിലേക്കുമായി 2168 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ബിജെപിക്ക് നേടാനായത് 49 എണ്ണം മാത്രം. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച്, നാലു പതിറ്റാണ്ടു നീണ്ട ബിജെപി ബന്ധം ഉപേക്ഷിച്ച ശിരോമണി അകാലിദളിനും തിരിച്ചടി നേരിട്ടു. 285 വാർഡുകളിൽ മാത്രമാണ് അകാലിദളിന് ജയിക്കാനായത്.

സംസ്ഥാന ബിജെപി അധ്യക്ഷൻ അശ്വനി ശർമ്മയുടെ ജന്മദേശമായ പത്താൻകോട്ടിൽ അമ്പത് സീറ്റിൽ 12 ഇടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളായ ഭതിൻഡ, കപൂർത്തല, മോഗ, അഭോർ മുനിസിപ്പൽ കോർപറേഷനുകളിൽ ബിജെപി അക്കൗണ്ട് തുറന്നില്ല എന്നതും ശ്രദ്ധേയമായി. ഗുരുദാസ്പൂർ, ഫിറോസ്പൂർ, ദസുയ മുനിസിപ്പൽ കൗൺസിലുകളിലും ബിജെപിക്ക് പ്രതിനിധികളില്ല.

മത്സരരംഗത്തിനിറങ്ങിയ ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ സംസ്ഥാനത്ത് കർഷക രോഷം പ്രതിഫലിച്ചിരുന്നു. പലയിടത്തും സ്ഥാനാർത്ഥികൾക്ക് വോട്ടു ചോദിക്കാൻ പോലുമായിരുന്നില്ല. ചിലയിടങ്ങളിൽ മത്സരിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ടായിരുന്നു.

കോൺഗ്രസിന്റെ തേരോട്ടം

എട്ട് കോർപറേഷനുകളിൽ ഏഴെണ്ണത്തിലാണ് ഇന്നലെ ജനവിധി വന്നത്. ഇതിൽ ആറിടത്തും കോൺഗ്രസ് അധികാരമേറും. മൊഹാലി കോർപറേഷനിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. കോർപറേഷനുകളിൽ മൊത്തം 351 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 271 ഇടത്തും കോൺഗ്രസാണ് ജയിച്ചത്.

കർഷക സമരം തിരിച്ചടിച്ചു; പഞ്ചാബിൽ ബിജെപിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ്‌- കണക്കുകൾ ഇങ്ങനെ

ശിരോമണി അകാലിദളിന് 33 സീറ്റു കിട്ടി. ബിജെപിക്ക് 20 ഉം. ഒമ്പതിടത്ത് ആം ആദ്മി പാർട്ടി ജയിച്ചപ്പോൾ 18 സീറ്റിൽ സ്വതന്ത്രർ ജയിച്ചു.

ഗ്രാമങ്ങളിൽ ബിജെപി ചിത്രത്തിലില്ല

കർഷക രോഷം ഗ്രാമങ്ങളിൽ ബിജെപിക്ക് വൻ തിരിച്ചടി നൽകി എന്നതാണ് കണക്കുകൾ. മുനിസിപ്പൽ കൗൺസിൽ/നഗർ പഞ്ചായത്തുകളിൽ 1817 സീറ്റുകളിലേക്കായിരുന്നു ജനവിധി. ബിജെപിക്ക് നേടാനായത് 29 സീറ്റു മാത്രം.

ഏറ്റവും കൂടുതൽ മുന്നേറ്റമുണ്ടാക്കിയത് ഭരണകക്ഷിയായ കോൺഗ്രസാണ്. 1102 സീറ്റിൽ കോൺഗ്രസ് ജയിച്ചു. ശിരോമണി അകാലിദളിന് കിട്ടിയത് 252 സീറ്റു മാത്രം. 374 സ്വതന്ത്രർ വിജയിച്ചപ്പോൾ ആം ആദ്മി ടിക്കറ്റിൽ 51 പേർ ജയം കണ്ടു. ബിഎസ്പിക്ക് അഞ്ചു സീറ്റു കിട്ടി.

കോർപറേഷനുകളിൽ കോൺഗ്രസ്

വോട്ടെണ്ണിയ ഏഴ് കോർപറേഷനുകളിൽ ആറിലും കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വെന്നിക്കൊടി നാട്ടി. ഭതിൻഡ, ഹോഷിയാർപൂർ, കപൂർത്തല, അബോഹർ, ബടാല, പത്താൻകോട്ട് കോർപറേഷനുകളാണ് കോൺഗ്രസ് ഭരിക്കുക. മോഗ കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തു. അമ്പത് വാർഡുകളുള്ള മോഗയിൽ 20 ഇടത്താണ് കോൺഗ്രസ് ജയിച്ചത്.

കർഷക സമരം തിരിച്ചടിച്ചു; പഞ്ചാബിൽ ബിജെപിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ്‌- കണക്കുകൾ ഇങ്ങനെ

ശിരോമണി അകാലിദളിൽ 15 സീറ്റും ആം ആദ്മിക്ക് നാലും സീറ്റു ലഭിച്ചു. ഒരിടത്ത് ബിജെപിയും പത്തിടത്ത് സ്വതന്ത്രരും ജയിച്ചു. സ്വതന്ത്രരുടെ സഹായത്തോടെ ഇവിടെയും കോൺഗ്രസിന് അധികാരത്തിലെത്താൻ കഴിയും.

മുൻ തെരഞ്ഞെടുപ്പിലെ സ്ഥിതി

ശിരോമണി അകാലിദളും ബിജെപിയും ഒന്നിച്ചു നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട 2015ൽ 301 കോർപറേഷൻ സീറ്റുകളിൽ 167 ഇടത്തും സഖ്യം വിജയിച്ചിരുന്നു. കോൺഗ്രസ് ജയിച്ചത് 68 സീറ്റുകളിൽ. 2037 മുനിസിപ്പൽ വാർഡുകളിൽ അകാലിദൾ-ബിജെപി സഖ്യം വിജയിച്ചത് 1161 ഇടത്ത്. കോൺഗ്രസിന് 253 ഇടത്ത് മാത്രമാണ് ജയിക്കാനായത്. ഇവിടെ നിന്നാണ് കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ആം ആദ്മി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നിരുന്നു.

തന്റെ സർക്കാറിന്റെ നയങ്ങൾക്ക് അനുകൂലമായും കാർഷിക നിയമങ്ങൾക്ക് എതിരായുമുള്ള വിധിയെഴുത്താണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പ്രതികരിച്ചു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഊർജം നൽകുന്നത് കൂടിയാണ് തദ്ദേശ വിധിയെഴുത്ത്.