പഞ്ചാബില്‍ നേട്ടമുണ്ടാക്കി സി.പി.ഐ; മല്‍സരിച്ച പതിമൂന്നിടങ്ങളില്‍ പന്ത്രണ്ടിലും വിജയം
സി.പി.ഐയുടെ പിന്തുണയോടെ വിജയിച്ചവരില്‍ ആറുപേര്‍ സ്ത്രീകളാണ്

പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി സി.പി.ഐ. സംസ്ഥാനത്തെ മാനസ ജില്ലയിലെ ജോഗ പഞ്ചായത്തില്‍ സി.പി.ഐ പിന്തുണച്ച പന്ത്രണ്ട് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. പാര്‍ട്ടി പിന്തുണച്ച പതിമൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് തോറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സി.പി.ഐക്ക് പന്ത്രണ്ട് സീറ്റിലാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഇത്തവണയും അത് നിലനിര്‍ത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് സി.പി.ഐ.
വോട്ടര്‍മാര്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം വര്‍ദ്ധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയിച്ചതിന് ശേഷം ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവര്‍ ഞങ്ങളെ ഇത്തവണയും തെരഞ്ഞെടുത്തത്. സി.പി.ഐ സ്ഥാനാര്‍ഥിയായി വിജയിച്ച ഗുര്‍മീത് സിംഗ് അഭിപ്രായപ്പെട്ടു.
അതേസമയം, പഞ്ചാബ് മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മൂന്നക്കം പോലും നേടാനാകാതെയാണ് ബി.ജെ.പിയുടെ പല സ്ഥാനാര്‍ത്ഥികളും തോല്‍വി ഏറ്റുവാങ്ങിയത്. ബക്കറ്റ് ചിഹ്നത്തിലാണ് സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. വിജയിച്ചതില്‍ ആറുപേര്‍ സ്ത്രീകളാണ്.
പഞ്ചാബിലെ ഏഴ് കോര്‍പ്പറേഷനുകളിലേക്കും 107 മുന്‍സിപ്പാലിറ്റികളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തേരോട്ടമാണ് കണ്ടത്. ഏഴ് കോര്‍പ്പറേഷനുകളില്‍ ആറിടത്തും കോണ്‍ഗ്രസ് വിജയിച്ചു. ഭട്ടിൻഡ, കപുർത്തല, ഹോഷിയാപുർ, പത്താൻകോട്ട്, ബട്ടാല, അബോഹര്‍ കോർപ്പറേഷനുകളിലാണ് കോൺഗ്രസ് ജയിച്ചത്. 107 മുന്‍സിപ്പാലിറ്റിയില്‍ 82 ഇടത്തും കോണ്‍ഗ്രസ് വിജയിച്ചു.