ടൂൾകിറ്റ് കേസ് : നിഖിതയുടെ അറസ്റ്റ് കോടതി തടഞ്ഞു
മൂന്നാഴ്ചത്തേക്കാണ് ബോംബെ ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് അറസ്റ്റ് തടഞ്ഞത്

ടൂൾകിറ്റ് കേസിൽ കുറ്റാരോപിതയായ മലയാളി അഭിഭാഷക നികിത ജേക്കബിന് അറസ്റ്റിൽ നിന്നും സംരക്ഷണം. മൂന്നാഴ്ചത്തേക്കാണ് ബോംബെ ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് അറസ്റ്റ് തടഞ്ഞത്. ഇതേ കേസിൽ കോടതിയുടെ ഔറംഗബാദ് ബെഞ്ച് മറ്റൊരു കുറ്റാരോപിതനായ ശാന്തനു മുലുക്കിന് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി ഫെബ്രുവരി 17 നു ഇറക്കിയ ഉത്തരവ് കൂടി പരിഗണിച്ചാണ് നികിതക്ക് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകുന്ന ഉത്തരവ് കോടതി നൽകിയത്.
ടൂൾകിറ്റ് കേസിൽ ഞായറാഴ്ച ദിഷ രവി അറസ്റ്റിലായതിനു പിന്നാലെ മുലുക്കിനും നികിതക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ, മുലുക്കിന് പത്തു ദിവസത്തേക്ക് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ദിഷ രവി. ഖാലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് സ്ഥാപിച്ച എം ഒ ധലിവാളിന്റെ ആവശ്യപ്രകാരം മൂന്ന് പേരും ചേർന്നാണ് ടൂൾകിറ്റ് നിർമിച്ചതെന്നാണ് പൊലീസ് വാദം.