പശ്ചിമബംഗാളിൽ സീറ്റു വിഭജന ചർച്ചകൾ പൂർത്തിയാക്കി സിപിഎമ്മും കോൺഗ്രസും
എത്ര സീറ്റിൽ ഇരുകക്ഷികളും മത്സരിക്കുമെന്ന് നേതാക്കൾ വെളിപ്പെടുത്തിയില്ല

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു വിഭജന ചർച്ചകൾ പൂർത്തിയാക്കി സിപിഎമ്മും കോൺഗ്രസും. സിപിഎം ആസ്ഥാനത്തു വിളിച്ചു ചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരിയും ഇടതു മുന്നണി ചെയർമാൻ ബിമൻ ബോസുമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ എത്ര സീറ്റിൽ ഇരുകക്ഷികളും മത്സരിക്കുമെന്ന് നേതാക്കൾ വെളിപ്പെടുത്തിയില്ല.
അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ട്, മറ്റു ചെറുകക്ഷികൾ തുടങ്ങിയവരുമായുള്ള സീറ്റു ധാരണ പൂർത്തിയാകാത്തതാണ് ഇതിന് കാരണം. അലീമുദ്ദീൻ സ്ട്രീറ്റിലെ സിപിഎം ആസ്ഥാനത്തു നടന്ന ചർച്ചകൾക്ക് ശേഷമാണ് വിഷയത്തിൽ നേതാക്കൾ ധാരണയിലെത്തിയത്.
ആധിർ രഞ്ജൻ ചൗധരിക്കും ബിമൻ ബോസിനും പുറമേ, അബ്ദുൽ മന്നാൻ എംഎൽഎ, രാജ്യസഭാ അംഗം പ്രദീപ് ഭട്ടാചാര്യ, സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
'ഇന്നത്തെ യോഗത്തിൽ ഞങ്ങൾ സഖ്യചർച്ചകൾ പൂർത്തിയാക്കി. ഇടത്-കോൺഗ്രസ് സഖ്യം നിർണായക ശക്തിയാകുമെന്ന നിലയിൽ നിയമസഭയിലേക്ക് ത്രികക്ഷി പോരാട്ടമായിരിക്കും നടക്കുക- വാർത്താ സമ്മേളനത്തിൽ ചൗധരി പറഞ്ഞു.
ഐഎസ്എഫ്, എൻസിപി, ആർജെഡി തുടങ്ങിയ ചെറുകക്ഷികൾ സഖ്യത്തിൽ ചേരാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. അവർക്കു കൂടി ഇടം നൽകേണ്ടതുണ്ട്. അതു കൊണ്ടു തന്നെ എത്ര സീറ്റിൽ മത്സരിക്കും എന്നത് ഇപ്പോൾ പറയുന്നില്ലആധിർ രഞ്ജൻ ചൗധരി
പരസ്പര ധാരണയോടെ ഇടതുപാർട്ടികളും കോൺഗ്രസും ഐഎസ്എഫും ഈ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിന്നു മത്സരിക്കുമെന്ന് ബിമൻബോസ് പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് അബ്ബാസ് സിദ്ദീഖി സ്ഥാപിച്ച ഐഎസ്എഫ് 60-80 സീറ്റുകൾ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ആവശ്യം യുക്തി സഹമല്ല എന്നാണ് കോൺഗ്രസും ഇടതു മുന്നണിയും കരുതുന്നത്.
'ആവശ്യമുള്ളത് പറഞ്ഞിട്ടുണ്ട്. ചെറിയ വിട്ടുവീഴ്ചകൾ ഒക്കെയുണ്ടാകും. എന്നാൽ ഞങ്ങളുടെ ആവശ്യത്തിൽ ഉറച്ചു നിൽക്കും. ഞാൻ ഒന്നുകിൽ ജയിക്കും. അല്ലെങ്കിൽ പഠിക്കും. നഷ്ടപ്പെടാൻ ഒന്നുമില്ല'- അബ്ബാസ് സിദ്ദീഖി പറഞ്ഞു.
പശ്ചിമബംഗാളിന് ഒപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ കോൺഗ്രസും സിപിഎമ്മും വിരുദ്ധധ്രുവങ്ങളിൽ നിൽക്കുന്ന വേളയിലാണ് സംസ്ഥാനത്ത് ബിജെപിക്കും തൃണമൂലിനും എതിരെ ഇരുകക്ഷികളും ഒരുമിക്കുന്നത് എന്നതാണ് ഏറെ കൗതുകകരം.