'ഗോ ബാക്ക് മോദി' ട്വീറ്റ്: നടി ഓവിയക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ബിജെപി
തമിഴ്നാട് ബിജെപിയിലെ നിയമകാര്യ വിഭാഗമാണ് പൊലീസില്‍ പരാതി നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദർശനത്തിനിടെ ഗോ ബാക്ക് മോദി ഹാഷ് ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ പരാതി. തമിഴ്നാട് ബിജെപിയിലെ നിയമകാര്യ വിഭാഗമാണ് പൊലീസില്‍ പരാതി നല്‍കിയത്. അലക്സിസ് സുധാകര്‍ ആണ് എസ്പിക്കും സൈബര്‍ സെല്ലിനും സി.ബി സിഐഡിക്കും പരാതി നല്‍കിയത്. ഓവിയക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും വിദേശ രാജ്യങ്ങളുമായി നടിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
ചില പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ചെന്നൈയിലെത്തിയപ്പോഴാണ് ഗോ ബാക്ക് മോദി ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്ഡിങായത്. ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയെ തകർക്കുന്ന തരത്തിലുള്ളതും അക്രമം പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുമുള്ളതാണെന്നാണ് പരാതിയിലെ ആരോപണം. ഓവിയയ്ക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ, ഇവരുടെ ലക്ഷ്യമെന്താണ് എന്നെല്ലാം അന്വേഷിക്കണം. താരത്തിന് വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും പരാതിയിൽ ആവശ്യമുണ്ട്.
വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലും കേരളത്തിലുമെത്തിയത്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഗോ ബാക്ക് വിളി ഉയര്‍ന്നത്. പശ്ചിമഘട്ടം കൊണ്ട് വേർതിരിക്കപ്പെട്ടുവെങ്കിലും മോദിക്കെതിരായ പ്രതിഷേധത്തിൽ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. എത്ര തവണ ചെന്നൈയില്‍ വന്നാലും ചെന്നൈ നിങ്ങളെ സ്വീകരിക്കാന്‍ പോകുന്നില്ലെന്നാണ് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പെരിയാറിന്റെ മണ്ണില്‍ നിങ്ങളുടെ ഫാസിസ്റ്റ്, ഇസ്ലാമോഫോബിക്, വര്‍ഗീയ, കര്‍ഷക വിരുദ്ധ, സ്ത്രീ വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ സാന്നിധ്യം ആവശ്യമില്ല എന്ന് മറ്റൊരു ഉപയോക്താവും ട്വീറ്റ് ചെയ്തിട്ടുണ്ട്. ബീഫ് കഴിക്കുന്ന ഫോട്ടോകള്‍ പോസ്റ്റ് ചെയ്തും കര്‍ഷകരെ പിന്തുണച്ചും നോട്ട് നിരോധനത്തിനെതിരെയുമെല്ലാം ട്വിറ്റര്‍ ഉപയോക്താക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.