'ഞാനും കുടുംബവും വീട്ടുതടങ്കലിൽ; ഇത് പുതിയ കശ്മീർ'; ഉമര്‍ അബ്ദുല്ല
താനും പിതാവും എം.പിയുമായ ഫാറൂഖ് അബ്ദുല്ലയും അടങ്ങുന്ന കുടുംബം അധികൃതരുടെ വീട്ടുകസ്റ്റഡിയിലാണെന്നാണ് ഉമര്‍ അബ്ദുല്ല അറിയിച്ചത്.

നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ലയും കുടുംബവും വീട്ടുതടങ്കലിലാണെന്ന് പരാതി. ഉമര്‍ അബ്ദുല്ല തന്നെയാണ് ട്വിറ്ററിലൂടെ വീട്ടുതടങ്കലിലാണെന്ന കാര്യം അറിയിച്ചത്. താനും പിതാവും എം.പിയുമായ ഫാറൂഖ് അബ്ദുല്ലയും അടങ്ങുന്ന കുടുംബം അധികൃതരുടെ വീട്ടുകസ്റ്റഡിയിലാണെന്നാണ് ഉമര്‍ അബ്ദുല്ല അറിയിച്ചത്.
2019 ആഗസ്റ്റിന് ശേഷമുള്ള പുതിയ കശ്മീരാണ് ഇതെന്നും വിശദീകരണങ്ങളില്ലാതെ തങ്ങള്‍ വീടുകളില്‍ തടങ്കലിലാണെന്നും ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ പറഞ്ഞു. വീടിന് പുറത്ത് പൊലീസ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിന്റെ ചിത്രങ്ങളും ഉമര്‍ അബ്ദുല്ല പങ്കുവെച്ചിട്ടുണ്ട്. തന്റെ വീട്ടുജോലിക്കാരെ ആരെയും വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതെ സമയം 2019ലെ പുല്‍വാമ ആക്രമണത്തിന്റെ വാര്‍ഷികം പ്രമാണിച്ച് വി.ഐ.പി, വി.വി.ഐ.പി വ്യക്തികളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ശ്രീനഗര്‍ പൊലീസ് അറിയിച്ചു.