'ട്രോളുകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്, അതെന്റെ ചിന്തകളുടെ മൂര്‍ച്ച കൂട്ടുന്നു' രാഹുല്‍ ഗാന്ധി
തന്നെ മുന്നോട്ടു നയിക്കുന്നതിലെ പ്രധാന ഘടകമായാണ് ട്രോളുകളെ കാണുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ട്രോളുകളാണ് തന്റെ ചിന്തകളുടെ മൂര്‍ച്ച കൂട്ടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്നെ മുന്നോട്ടു നയിക്കുന്നതിലെ പ്രധാന ഘടകമായാണ് ട്രോളുകളെ കാണുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രൊഫസറായ ദിപേഷ് ചക്രബര്‍ത്തിയുമായി നടന്ന ഓണ്‍ലൈന്‍ സംവാദത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സംവാദത്തിനിടെ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്തപക്ഷം, ഈ പ്രക്ഷോഭം ആളിക്കത്തുന്നത് കാണേണ്ടിവരും. അത് രാജ്യത്തിന് ഗുണകരമാവില്ല. അദ്ദേഹം പറഞ്ഞു.
ഗാന്ധി കുടുംബത്തിന്റെ വാഴ്ചയാണ് കോണ്‍ഗ്രസില്‍ കാണുന്നതെന്ന വാദങ്ങളെയും രാഹുല്‍ ഗാന്ധി തള്ളി. 'തന്റെ കുടുംബത്തില്‍നിന്നും ഒരാള്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയിട്ട് 30 വര്‍ഷം കഴിഞ്ഞു. മുന്‍ പ്രധാനമന്ത്രിയുടെ മകനാണ് എന്നതുകൊണ്ട് മാത്രം തന്റെ കാഴ്ചപ്പാട് മാറ്റിവച്ച് പോരാടില്ല, നിലപാടുകളില്‍ മാറ്റം വരുത്താനും തയ്യാറല്ല. ചിലതിനെ പ്രതിരോധിക്കാനും ചില ശക്തികള്‍ക്കെതിരെ പോരാടാനും തീരുമാനിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടവരാണ് എന്റെ അച്ഛന് രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയും, അതില്‍ അഭിമാനം മാത്രമേയുള്ളൂ. രാഹുല്‍ പറഞ്ഞു.