ഫീസ് അടക്കാന്‍ പണമില്ല, പതിനഞ്ചുകാരി ജീവനൊടുക്കി
സ്ക്കൂളിലെ ഫീസായ 3000 രൂപ അടക്കാന്‍ സ്ക്കൂള് അധികൃതര്‍ നിര്‍ബന്ധിച്ചിരുന്നു

സ്ക്കൂളിലെ ഫീസ് അടക്കാന്‍ പണമില്ലാത്തതിനാല്‍ പതിനഞ്ചുകാരി ജീവനൊടുക്കി. ഹൈദരാബാദ് നരേദമേട്ടിലെ രവീന്ദ്ര ഭാരതി സ്ക്കൂളിലെ വിദ്യാര്‍ഥിനിയാണ് ഫീസ് അടക്കാന്‍ പണമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്തത്.
സ്ക്കൂളിലെ ഫീസായ 3000 രൂപ അടക്കാന്‍ സ്ക്കൂള് അധികൃതര്‍ നിര്‍ബന്ധിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ ദിവസ വേതന തൊഴിലാളികള്‍ ആയതിനാല്‍ തന്നെ ഫീസ് അടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പതിനഞ്ചുകാരി ആത്മഹത്യ ചെയ്തത്. കോവിഡ് പ്രതിസന്ധി കാരണം മാതാപിതാക്കള്‍ക്ക് തൊഴില്‍ ലഭ്യമായിരുന്നില്ല.
അതെ സമയം സ്ക്കൂള് അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥിനിയുടെ പിതാവ് ഹരി പ്രസാദ് പൊലീസില്‍ പരാതി നല്കി. കുട്ടിയുടെ മരണത്തിന് ശേഷമാണോ പരാതി നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.
അപമാനം ഭയന്ന് വിദ്യാര്‍ഥിനി സ്ക്കൂളില്‍ പോയിരുന്നില്ലെന്നും മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. സ്ക്കൂളിലെ തുടര്‍ച്ചയായ അവധിക്ക് കാരണം ആശുപത്രിയിലായിരുന്നു എന്നാണ് വിദ്യാര്‍ഥിനി സ്ക്കൂള് അധികൃതരെ അറിയിച്ചിരുന്നത്. വീട്ടില്‍വെച്ചാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. അതിനിടയില്‍ സ്ക്കൂളില്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് 15000 രൂപ അടച്ചിരുന്നതായി മാതാപിതാക്കള്‍ വെളിപ്പെടുത്തി.
കഴിഞ്ഞ മാര്‍ച്ചില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഫീസ് അടക്കാന്‍ പണമില്ലാത്ത വിദ്യാര്‍ഥികളില്‍ നിന്നും ഫീസ് പിരിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഫീസ് മാനദണ്ഡമാക്കാതെ പത്താം ക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യിക്കണമെന്ന് സ്ക്കൂള് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)