ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്: ഭറൂച്ചിൽ 31 മുസ്ലിം സ്ഥാനാർത്ഥികളെ രംഗത്തിറക്കി ബിജെപി
മുസ്ലിം സ്ഥാനാർത്ഥികളിൽ 17 പേർ വനിതകളാണ്

ഗുജറാത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കൂടുതൽ മുസ്ലിംകൾക്ക് ഇടം നൽകി ബിജെപി. ഭറൂച് ജില്ലയിൽ 31 സ്ഥാനാർത്ഥികൾക്കാണ് ബിജെപി ടിക്കറ്റ് നൽകിയത്. ഇതിൽ 17 പേർ വനിതകളാണ്. ജില്ലയിൽ ആദ്യമായാണ് ബിജെപി ഇത്ര കൂടുതൽ മുസ്ലിംകൾക്ക് തെരഞ്ഞെടുപ്പ് പോരിൽ അവസരം നൽകുന്നത്.
ജില്ലാ പഞ്ചായത്ത്, ഒമ്പത് തെഹ്സിലുകൾ, നാലു മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതുവരെ 320 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതായി ബിജെപി ജില്ലാ പ്രസിഡണ്ട് മരുതിസിൻഹ് അതോദാരിയ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നിലവിൽ കോൺഗ്രസിന്റെ കൈവശമാണ് ഉള്ളത്.
ഛോട്ടുഭായ് വാസവയുടെ ഭാരതീയ ട്രൈബൽ പാർട്ടിയുമായി സഖ്യം ചേർന്നാണ് ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്നത്. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും മത്സരരംഗത്തുണ്ട്.