മഹുവ മൊയ്ത്രക്കെതിരെ നിയമ നടപടിയെടുക്കുമോ? രഞ്ജന്‍ ഗൊഗോയിയുടെ മറുപടി..
മഹുവ മൊയ്ത്രയുടെ പേര് പറയാതെയാണ് രഞ്ജന്‍ ഗൊഗോയിയുടെ പ്രതികരണം.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ നിയമ നടപടി സ്വീകരിക്കില്ലെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിയും രാജ്യസഭാ എംപിയുമായ രഞ്ജന്‍ ഗൊഗോയ്. മഹുവ മൊയ്ത്രയുടെ പേര് പറയാതെയാണ് രഞ്ജന്‍ ഗൊഗോയിയുടെ പ്രതികരണം. എന്താണ് ഈ ആക്രമണം, മുന്‍ ജഡ്ജി ആക്രമണങ്ങള്‍ക്ക് മുന്പില് പതറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്കിടെയാണ് മഹുവ മൊയ്ത്ര മുൻ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതി ചൂണ്ടിക്കാട്ടിയത്. ജുഡീഷ്യറി ഇപ്പോൾ പവിത്രമല്ല. ഒരു ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാതിക്രമ ആരോപണം നേരിട്ടപ്പോൾ തന്നെ പവിത്രത നഷ്ടപ്പെട്ടു. അദ്ദേഹം സ്വന്തം കേസിന്റെ വിചാരണ സ്വയം നടത്തി സ്വയം കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. വിരമിച്ച് മൂന്ന് മാസത്തിനുളളിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. ഇസഡ് കാറ്റഗറി സുരക്ഷയും നേടിയെന്നാണ് മഹുവ മൊയ്ത്ര രഞ്ജന്‍ ഗൊഗോയിയുടെ പേര് പരാമര്‍ശിക്കാതെ പറഞ്ഞത്.
ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് പേര് പറഞ്ഞ് ഉന്നയിക്കണം. എനിക്കൊരു പേരുണ്ട്. ആ പേര് പറയണം. എനിക്കെതിരായ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്.രഞ്ജന്‍ ഗൊഗോയ്
ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു രഞ്ജന്‍ ഗൊഗോയ്. നിങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ പെരുമാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അങ്ങനെയല്ലെങ്കില്‍ ആക്രമിക്കും എന്നതാണ് അവസ്ഥ. ഒരു ജഡ്ജി അത്തരം ആക്രമണങ്ങളില്‍ പതറുമോ? നിര്‍ഭാഗ്യവശാല്‍ പലരും പതറും. സ്വയം കുറ്റവിമുക്തനാക്കി എന്ന ആരോപണത്തോട് രഞ്ജന്‍ ഗൊഗോയി പ്രതികരിച്ചത് തനിക്കെതിരായ കേസ് കേള്‍ക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത് ഇന്നത്തെ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡെയാണെന്നാണ്. ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് വസ്തുതകള്‍ മനസ്സിലാക്കണം. ഇതാണ് നമ്മുടെ രാജ്യത്തിന്റെ പ്രശ്നം. മഹുവക്കെതിരെ നിയമ നടപടിയെക്കുമോ എന്ന ചോദ്യത്തിന് ഇനി നിയമ വ്യവസ്ഥയിലെ വിശ്വാസത്തിന്റെ പ്രശ്നമല്ലെന്നും വിഴുപ്പലക്കല്‍ പോലെയാകുമെന്നും അദ്ദേഹം പ്രതികരിച്ചു.