LiveTV

Live

National

ഹാനി ബാബുവിന്‍റെ ലാപ്ടോപിലും കെട്ടിച്ചമച്ച തെളിവുകള്‍, അന്വേഷണം വേണമെന്ന് ഭാര്യ

ഹാനി ബാബുവിന്റെ ലാപ്ടോപിൽ നിന്ന് കണ്ടെത്തിയെന്ന് എൻഐഎ പറഞ്ഞ 62 ഫയലുകളും മുൻപരിചയമില്ലാത്തവയാണെന്ന് ജെനി പറഞ്ഞു.

ഹാനി ബാബുവിന്‍റെ ലാപ്ടോപിലും
കെട്ടിച്ചമച്ച തെളിവുകള്‍, അന്വേഷണം വേണമെന്ന് ഭാര്യ

ഭീമ കൊറേഗാവ് കേസില്‍ വ്യാജ തെളിവുകളെന്ന ആരോപണവുമായി കൂടുതൽ പേ൪. കുറ്റാരോപിതരായ ഹാനി ബാബുവിന്‍റെയും വരവര റാവുവിന്‍റെയും ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. അന്വേഷണം വേണമെന്ന് ഹാനി ബാബുവിന്‍റെ ഭാര്യ ജെനി റോവിന ആവശ്യപ്പെട്ടു. ഹാനി ബാബുവിന്റെ ലാപ്ടോപിൽ നിന്ന് കണ്ടെത്തിയെന്ന് എൻഐഎ പറഞ്ഞ 62 ഫയലുകളും മുൻപരിചയമില്ലാത്തവയാണെന്ന് ജെനി പറഞ്ഞു. മലയാളിയും ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനുമാണ് ഹാനി ബാബു

.

ഭീമ കൊറേഗാവ് കേസിൽ നിർണായക വഴിത്തിരിവായ കണ്ടെത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രതികളിലൊരാളായ റൊണാ വിൽസന്‍റെ ലാപ്ടോപ്പില്‍ നിന്നും കണ്ടെത്തിയ രേഖകള്‍, സൈബര്‍ ചാരന്‍മാര്‍ നുഴഞ്ഞു കയറി സ്ഥാപിച്ചതാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. സർക്കാറിനെ താഴെയിറക്കാനും പ്രധാനമന്ത്രിയെ വധിക്കാനുമുള്ള മാവോയിസ്റ്റ് ഗൂഢാലോചനയാണ് കത്തുകളുടെ ഉള്ളടക്കം.

ഭീമ കൊറേഗാവ് കേസ്: റോണ വില്‍സണെതിരായ 'തെളിവുകള്‍' ലാപ്‌ടോപില്‍ തിരുകിക്കയറ്റിയെന്ന് കണ്ടെത്തല്‍
Also Read

ഭീമ കൊറേഗാവ് കേസ്: റോണ വില്‍സണെതിരായ 'തെളിവുകള്‍' ലാപ്‌ടോപില്‍ തിരുകിക്കയറ്റിയെന്ന് കണ്ടെത്തല്‍

അമേരിക്കയിലെ മസാച്യുസെറ്റ്സിലെ ആർസണൽ കൺസൾടിങ് എന്ന ഡിജിറ്റൽ ഫോറൻസിക് കമ്പനിയാണ് എന്‍ഐഎയുടെ തെളിവുകൾ പരിശോധിച്ചത്. ഹാനി ബാബു അടക്കമുളളവരെ എൻഐഎ പ്രതി ചേർത്തതും ഈ കത്തുകളുടെ അടിസ്ഥാനത്തിലായിരുന്നു. ഹാനി ബാബു, വരവരറാവു, സ്റ്റാൻ സ്വാമി അടക്കം നിരവധി മനുഷ്യാവകാശ പ്രവ൪ത്തകരെയും അക്കാദമിക വിദഗ്ധരെയുമാണ് ഭീമ കൊറഗാവ് കേസിൽ എൻഐഎ തടവിലാക്കിയിരിക്കുന്നത്. യുഎപിഎയും രാജ്യദ്രോഹവുമടക്കമുള്ള വകുപ്പുകളാണ് കേസിലുള്ളത്.

പൊലീസ് പിടിച്ചെടുത്ത മറ്റ് പലരുടെയും ഇലക്ട്രോണിക് ഉപകരണങ്ങളിലും സമാനമായ സ്വഭാവത്തിൽ പിന്നീട് തെളിവുകൾ സ്ഥാപിക്കപ്പെട്ടെന്ന ആരോപണം നേരത്തെയും ഉയ൪ന്നിരുന്നു. ഹിഡൻ ഫോൾഡറായാണ് ഇത്തരം ഫയലുകൾ ലാപ്ടോപുകളിൽ നിന്ന് പിടിച്ചെടുത്തത്.

'എൻഐഎ പറഞ്ഞത് ലാപ്ടോപ്പിൽ ഹിഡൻ ഫയലുകളുണ്ടെന്ന്, സഹപ്രവർത്തകരുടെ പേര് പറയാൻ സമ്മർദം': ഹാനി ബാബുവിന്റെ ഭാര്യ
Also Read

'എൻഐഎ പറഞ്ഞത് ലാപ്ടോപ്പിൽ ഹിഡൻ ഫയലുകളുണ്ടെന്ന്, സഹപ്രവർത്തകരുടെ പേര് പറയാൻ സമ്മർദം': ഹാനി ബാബുവിന്റെ ഭാര്യ

1818 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവില്‍ നടന്ന യുദ്ധത്തില്‍ പെഷവാ ബാജിറാവു രണ്ടാമന്റെ സൈന്യത്തിന് മേല്‍ ദലിതുകള്‍ നേടിയ വിജയം എല്ലാ വര്‍ഷവും ആഘോഷിക്കാറുണ്ട്. എന്നാല്‍ 2018 ജനുവരി 1ന് നടന്ന വിജയാഘോഷത്തിന് നേരെ ഒരു വിഭാഗം ആക്രമണം നടത്തുകയും ഒരു ദലിത് യുവാവ് അടക്കം രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഘര്‍ഷത്തിന് പിന്നില്‍ നക്‌സലുകളാണെന്നാണ് മഹാരാഷ്ട്രയിലെ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹാനി ബാബു അടക്കം അക്കാദമിസ്റ്റുകളും സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും അടങ്ങുന്ന 16 പേരെയാണ് എൻഐഎ ഇതുവരെ അറസ്റ്റ് ചെയ്തത്. ഹാനി ബാബുവിന് മുൻപ് സുധ ഭരദ്വാജ്, സോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവത്ത്, അരുണ്‍ ഫെറേറ, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍നോണ്‍ ഗോണ്‍സാല്‍വ്‌സ്, വര വര റാവു, ആനന്ദ് തെല്‍തുംഡെ, ഗൗതം നവ്‌ലാഖ, സ്റ്റാന്‍ സ്വാമി തുടങ്ങിയവരാണ് ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്. മിക്കവരുടെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്ന് മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവ് ലഭിച്ചെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്.