പണമില്ല, ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് ദേവഗൗഡ
ബിജെപിയുടെ വിജയം ഉറപ്പിക്കാനാണ് ജെഡിഎസ് മത്സരിക്കാതെ മാറിനില്‍ക്കുന്നതെന്ന് സിദ്ധരാമയ്യ

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൊന്നും ജെഡി(എസ്) മത്സരിക്കില്ലെന്ന് എച്ച്.ഡി ദേവഗൗഡ. തെരഞ്ഞെടുപ്പ് ചെലവിനുള്ള പണമില്ല. അതിനാൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആവശ്യമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദേവഗൗഡ പറഞ്ഞു.
ബെല്‍ഗം ലോക്സഭാ മണ്ഡലത്തിലും ബസവകല്യാണ്‍, സിന്ദ്ഗി, മസ്കി എന്നീ നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അതിനു മുന്‍പേ മത്സരിക്കാനില്ലെന്ന് ദേവഗൗഡ വ്യക്തമാക്കുകയായിരുന്നു.
അതേസമയം കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ജെഡിഎസിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. ബിജെപിയുടെ വിജയം ഉറപ്പിക്കാനാണ് ജെഡിഎസ് മത്സരിക്കാതെ മാറിനില്‍ക്കുന്നതെന്ന് സിദ്ധരാമയ്യ ആരോപിച്ചു. കര്‍ണാടക ലെജിസ്ലേറ്റീവ് കൌണ്‍സില്‍ ചെയര്‍മാനായി ജെഡിഎസിലെ ബസവരാജ്, ബിജെപി പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.
ബെല്‍ഗമില്‍ കേന്ദ്രമന്ത്രി സുരേഷ് അന്‍ഗാഡിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബസവകല്യാണില്‍ എംഎല്‍എ ബി നാരായണ റാവുവിന്റെ മരണത്തിന് പിന്നാലെയും. ഇരുവരും കോവിഡ് ബാധിച്ചാണ് മരിച്ചത്. മസ്കിയില്‍ എംഎല്‍എ പ്രതാപ ഗൌഡ പാട്ടീലിനെ അയോഗ്യനാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ച പാട്ടീല്‍ ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. സിന്ദ്ഗിയിലും എംഎല്‍എയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.