LiveTV

Live

National

സീതയുടെ നേപ്പാളിലും രാവണന്‍റെ ലങ്കയിലും ഇന്ധനവില കുറയാന്‍ കാരണമെന്ത്? മന്ത്രിയുടെ മറുപടി ഇങ്ങനെ..

ഈ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ മറുപടി.

സീതയുടെ നേപ്പാളിലും രാവണന്‍റെ ലങ്കയിലും ഇന്ധനവില കുറയാന്‍ കാരണമെന്ത്? മന്ത്രിയുടെ മറുപടി ഇങ്ങനെ..

രാജ്യത്ത് സര്‍വകാല റെക്കോര്‍ഡും കടന്ന് കുതിക്കുന്ന ഇന്ധന വിലയെ കുറിച്ച് പാര്‍ലമെന്‍റില്‍ ചോദ്യം ഉയര്‍ന്നു. നമ്മുടെ അയല്‍ രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുന്നത് എങ്ങനെ എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ചോദ്യം. എന്നാല്‍ ഈ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ മറുപടി.

സീതയുടെ നേപ്പാളിലും രാവണന്‍റെ ലങ്കയിലും പെട്രോളിന് വില കുറവാണ്. അപ്പോൾ രാമ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കുമോ എന്നാണ് സമാജ്‌വാദി പാർട്ടി എംപി വിശാംഭർ പ്രസാദ് നിഷാദ് രാജ്യസഭയിൽ ചോദിച്ചത്. ഇന്ത്യയുടെയും അയൽ രാജ്യങ്ങളുടെയും ഇന്ധന വില താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം.

ഈ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ മറുപടി. ഈ രാജ്യങ്ങളിലെ ഇന്ധന ഉപഭോഗം ഇന്ത്യയെ അപേക്ഷിച്ച് കുറവാണ്. വലിയ സമ്പദ്‌ വ്യവസ്ഥകളുമായിട്ടാണോ അതോ ചെറുകിട സമ്പദ്‌ വ്യവസ്ഥകളുമായിട്ടാണോ നമ്മളെ താരതമ്യം ചെയ്യേണ്ടത്? ഈ രാജ്യങ്ങളിൽ മറ്റ് പലതിനും വില കൂടുതലാണ്. ഈ രാജ്യങ്ങളിലെയും നമ്മുടെ രാജ്യത്തെയും മണ്ണെണ്ണ വിലയിൽ വലിയ വ്യത്യാസമുണ്ട്. ബംഗ്ലാദേശിലും നേപ്പാളിലും മണ്ണെണ്ണ ലിറ്ററിന് 57 മുതൽ 59 വരെയാണ് വില. ഇന്ത്യയിൽ ലിറ്ററിന് 32 രൂപ മാത്രമേയുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.

പെട്രോൾ-ഡീസൽ വില വർധനയിൽ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു മന്ത്രി. രാജ്യസഭയിൽ കെ സി വേണുഗോപാൽ എംപിയും വിഷയത്തിൽ സർക്കാറിൽ നിന്ന്‌ വിശദീകരണം ആവശ്യപ്പെട്ടു. തന്റെ ഗ്രാമത്തിൽ പെട്രോൾ വില 100 രൂപയിലെത്തിയെന്ന് വേണുഗോപാൽ പറഞ്ഞു. അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞു നിൽക്കുന്ന വേളയിലാണ് രാജ്യത്ത് ഇന്ധനവില തുടർച്ചയായി വർധിപ്പിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വേണുഗോപാലിന്‍റെ വിമർശനം ശരിയല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. ' വേണുഗോപാൽജി നല്ല രാഷ്ട്രീയക്കാരനും ബുദ്ധിമാനുമാണ്. അങ്ങേയറ്റം താഴ്മയോടെ പറയട്ടെ, ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ ഓയിലിന് 61 ഡോളറാണ് വില. അദ്ദേഹം (വേണുഗോപാൽ) കേരളത്തിൽ നിന്ന് വരുന്നയാളാണ്. ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന ധാരാളം പേർ അവിടെയുണ്ട്. സഭയിലേക്ക് വരുന്നതിന് മുമ്പ് അടുത്ത സുഹൃത്തുക്കളോട് വിലയെ കുറിച്ച് ചോദിച്ചു മനസ്സിലാക്കേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര പ്രൈസിങ് മെക്കാനിസം അനുസരിച്ചാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ഇങ്ങനെയാണ് വിലയിൽ വ്യത്യാസം വരുന്നത്. നമുക്ക് ആവശ്യമുള്ള ഇന്ധനത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അന്താരാഷ്ട്ര വിപണിയിൽ വില വർധനയുണ്ടാകുമ്പോൾ ഇവിടെയും വില വർധിക്കും. കുറയുമ്പോൾ കുറയുകയും ചെയ്യും- മന്ത്രി വ്യക്തമാക്കി.