LiveTV

Live

National

ഭീമ കൊറേഗാവ് കേസ്: റോണ വില്‍സണെതിരായ 'തെളിവുകള്‍' ലാപ്‌ടോപില്‍ തിരുകിക്കയറ്റിയെന്ന് കണ്ടെത്തല്‍

അമേരിക്കയിലെ മസാച്യുസെറ്റ്സിലെ ഫോറൻസിക് ലാബായ ആഴ്സനല്‍ കണ്‍സല്‍ട്ടിങിന്‍റെ പരിശോധനയിലാണ് ലാപ് ടോപ്പില്‍ മാല്‍വെയര്‍ ഉപയോഗിച്ച് 10 കത്തുകള്‍ തിരുകിക്കയറ്റിയെന്ന് കണ്ടെത്തിയത്.

ഭീമ കൊറേഗാവ് കേസ്: റോണ വില്‍സണെതിരായ 'തെളിവുകള്‍' ലാപ്‌ടോപില്‍ തിരുകിക്കയറ്റിയെന്ന് കണ്ടെത്തല്‍

ഭീമാ കൊറേഗാവ് കേസിൽ മലയാളി റോണാ വില്‍സന്‍റെ കമ്പ്യൂട്ടറിൽ 'തെളിവുകള്‍' തിരുകിക്കയറ്റിയെന്ന് കണ്ടെത്തല്‍. അമേരിക്കയിലെ മസാച്യുസെറ്റ്സിലെ ഫോറൻസിക് ലാബായ ആഴ്സനല്‍ കണ്‍സല്‍ട്ടിങിന്‍റെ പരിശോധനയിലാണ് ലാപ് ടോപ്പില്‍ മാല്‍വെയര്‍ ഉപയോഗിച്ച് 10 കത്തുകള്‍ തിരുകിക്കയറ്റിയെന്ന് കണ്ടെത്തിയത്. കേന്ദ്ര സർക്കാരിനെ മറിച്ചിടാൻ ഗൂഢാലോചന നടത്തിയതിന്‍റെ തെളിവ് ഈ ലാപ്ടോപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. വാഷിങ്ടണ്‍ പോസ്റ്റ് ആണ് ലാബ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

റോണ വില്‍സണ്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഹാക്കര്‍ പത്തോളം കത്തുകള്‍ അദ്ദേഹത്തിന്റെ ലാപ്‌ടോപില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ആഴ്‌സനല്‍ കണ്‍സള്‍ട്ടിങിന്‍റെ കണ്ടെത്തല്‍. അതേസമയം ഒരു വ്യക്തിയാണോ ഒരു കൂട്ടം വ്യക്തികളാണോ ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

ഭീമ കൊറേഗാവ് കേസ്: റോണ വില്‍സണെതിരായ 'തെളിവുകള്‍' ലാപ്‌ടോപില്‍ തിരുകിക്കയറ്റിയെന്ന് കണ്ടെത്തല്‍

ആഴ്സനല്‍ മേധാവി മാർക്ക് സ്പെന്‍സര്‍ പറയുന്നത് വളരെ ആസൂത്രിതമായ നീക്കമാണ് ലാപ്ടോപ്പ് കേന്ദ്രീകരിച്ച് നടന്നതെന്നാണ്. ഏകദേശം 300 മണിക്കൂര്‍ ചെലവഴിച്ചാണ് ലാപ്ടോപ്പ് പരിശോധിച്ചതെന്നും സ്പെന്‍സര്‍ പറഞ്ഞു. ബോസ്റ്റൺ മാരത്തൺ ബോംബിംഗ് ഉൾപ്പെടെ പല വിവാദ കേസുകളും തെളിയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സ്ഥാപനമാണ് ആഴ്സനല്‍. 2016ല്‍ തീവ്രവാദബന്ധം ആരോപിക്കപ്പെട്ട തുര്‍ക്കിഷ് മാധ്യമപ്രവര്‍ത്തകന്‍റെ കമ്പ്യൂട്ടറിലും സമാനമായ രീതിയില്‍ തെളിവുകള്‍ തിരുകിക്കയറ്റിയത് ഇതേ ലാബ് കണ്ടെത്തിയിരുന്നു.

അതേസമയം എന്‍ഐഎ വക്താവ് ജയാ റോയ് അവകാശപ്പെടുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ലാപ്ടോപ് പരിശോധനയില്‍ മാല്‍വെയറുകള്‍ കണ്ടെത്തിയിട്ടില്ല എന്നാണ്. കേസിൽ കുറ്റം ചുമത്തപ്പെട്ട വ്യക്തികൾക്കെതിരെ മറ്റ് രേഖകളും വാക്കാലുള്ള തെളിവുകളുമുണ്ടെന്നും ജയാ റോയ് പറയുന്നു.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റോണ വില്‍സണ്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലാകുന്നത് റോണ വില്‍സണ്‍ ആണ്. നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച കത്ത് റോണയുടെ ലാപ്‌ടോപില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. രാജീവ് ഗാന്ധി വധത്തിന് സമാനമായ ഓപ്പറേഷനിലൂടെ മോദിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നായിരുന്നു ആരോപണം.

ഭീമ കൊറേഗാവ് കേസ്: റോണ വില്‍സണെതിരായ 'തെളിവുകള്‍' ലാപ്‌ടോപില്‍ തിരുകിക്കയറ്റിയെന്ന് കണ്ടെത്തല്‍

റോണാ വിൽസൻ ഉൾപ്പെടെ സാമൂഹ്യപ്രവര്‍ത്തകരും ഗവേഷകരും പ്രൊഫസര്‍മാരും അഭിഭാഷകരും ഉള്‍പ്പെടെ 16 പേരാണ് ഇതുവരെ അറസ്റ്റിലായത്. പലരും അസുഖബാധിതരും അവശരുമാണ്. പുതിയ ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോണാ വിൽസന്‍റെ അഭിഭാഷകന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തന്‍റെ നിരപരാധിത്വം വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് റോണ വില്‍സണ്‍ ഹരജിയില്‍ പറയുന്നു.

അര്‍ബന്‍ നക്സലൈറ്റുകള്‍ എന്ന് മുദ്രകുത്തി സാമൂഹ്യപ്രവര്‍ത്തകരെയും അക്കാദമിസ്റ്റുകളെയുമെല്ലാം അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയുണ്ടായി. അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വക്താവ് ഇന്ത്യയിലെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തെ നിശബ്ദരാക്കുന്നതിന്‍റെ ഭാഗമാണ് അറസ്റ്റെന്നും യുഎന്‍ വിദഗ്ധര്‍ വിമര്‍ശിക്കുകയുണ്ടായി.