LiveTV

Live

National

നിങ്ങൾ ഗാന്ധിയെയും പട്ടേലിനെയും കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്, ഇത് ഇന്ത്യയുടെ പാരമ്പര്യമല്ല: സർക്കാറിനെതിരെ ആഞ്ഞടിച്ച് ഫാറൂഖ് അബ്ദുല്ല

കർഷകരോട്‌ സംസാരിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് എന്താണ്? നിങ്ങളാണ് ഡൽഹിയിലെ റോഡുകളിൽ ഇരുമ്പാണികൾ തറച്ചത്'

നിങ്ങൾ ഗാന്ധിയെയും പട്ടേലിനെയും കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്, ഇത് ഇന്ത്യയുടെ പാരമ്പര്യമല്ല: സർക്കാറിനെതിരെ ആഞ്ഞടിച്ച് ഫാറൂഖ് അബ്ദുല്ല

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറിന്റെ കാർഷിക വിരുദ്ധ നയങ്ങളെ രൂക്ഷമായി വിമർശിച്ച് ജമ്മു കശ്മീരിൽ നിന്നുള്ള മുതിർന്ന ലോക്‌സഭാംഗം ഫാറൂഖ് അബ്ദുല്ല. കാർഷിക നിയമങ്ങൾ വേദപുസ്തകമല്ലെന്നും അവ തിരുത്തലുകൾക്ക് വിധേയമാണ് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേൽ നടന്ന നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുല്ല. ഗാന്ധിജിയെയും പട്ടേലിനെയും നെഹ്‌റുവിനെയും ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

'കഴിഞ്ഞു പോയ പ്രധാനമന്ത്രിമാരെ വിമർശിക്കുകയെന്നത് ഇന്ത്യയുടെ പാരമ്പര്യമല്ല. ഞാൻ സർദാർ പട്ടേലിനെയും ഗാന്ധിജിയെയും കണ്ടിട്ടുണ്ട്. എന്റെ സർക്കാറിനെ പിരിച്ചുവിട്ട വേളയിൽ ഇന്ദിരാഗാന്ധിയെ കണ്ടിട്ടുണ്ട്. നെഹ്‌റുവിനാൽ എന്റെ പിതാവ് ജയിലിലാകുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അദ്ദേഹം ഒരിക്കൽ പോലും നെഹ്‌റുവിനെകുറിച്ച് മോശം പറയുന്നത് കേട്ടിട്ടില്ല. ഞാൻ ഒരു മുസ്‌ലിമാണ്, ഇന്ത്യൻ മുസ്‌ലിം. നമ്മളീ രാജ്യം ഒറ്റക്കെട്ടായി മുമ്പോട്ടു കൊണ്ടു പോകണം. കർഷകരോട് സംസാരിക്കാൻ ഞാൻ കൂപ്പുകൈയോടെ ആവശ്യപ്പെടുന്നു. അവരോട് സംസാരിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് എന്താണ്? നിങ്ങളാണ് ഡൽഹിയിലെ റോഡുകളിൽ ഇരുമ്പാണികൾ തറച്ചത്'
ഫാറൂഖ് അബ്ദുല്ല

'നിങ്ങൾ ക്ഷേത്രത്തിൽ പോകുന്നു. ഞാൻ പള്ളിയിൽ പോകുന്നു. ചിലർ ഗുരുദ്വാരകളിലും ചർച്ചുകളിലും പോകുന്നു. ഒരു കുപ്പി രക്തം നൽകുമ്പോൾ ഡോക്ടർ അത് ഹിന്ദുവിന്റേതാണോ മുസ്‌ലിമിന്റേതാണോ എന്ന് ചോദിക്കില്ല. രാമൻ വിശ്വ(ലോകം)ത്തിന്റേതാണ്. രാമൻ എല്ലാവരുടേതുമാണ്. ഖുർആൻ നമ്മുടേത് മാത്രമല്ല. എല്ലാവരുടേതുമാണ് - നാഷണൽ കോൺഫറൻസ് നേതാവ് പറഞ്ഞു.

കാർഷിക നിയമങ്ങൾ കരിനിയമങ്ങളാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'നിയമങ്ങൾ ഉണ്ടാക്കിയത് നമ്മളാണ്. കർഷകർ നിയമം പിൻവലിക്കണം എന്നാവശ്യപ്പെടുമ്പോൾ നമ്മൾ അത് പരിഗണിക്കണം. അവരോട് സംസാരിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് എന്താണ്? പരിഹാരങ്ങൾ ഉണ്ടാക്കാനാണ് നാം ഇവിടെയിരിക്കുന്നത്. തടസ്സങ്ങൾ സൃഷ്ടിക്കാനല്ല. ദയവായി ഒരു പരിഹാരം കണ്ടെത്തൂ' - അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയായ ആർടിക്കിൽ 370 എടുത്തു കളഞ്ഞതിനെയും അദ്ദേഹം വിമർശിച്ചു. 'നിങ്ങളുടെ സർക്കാർ തീരുമാനം ഞങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. ഞങ്ങളോട് കൂടിയാലോചിച്ചില്ല'- അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീരിൽ 4ജി സേവനം പുനഃസ്ഥാപിച്ചതിന് അദ്ദേഹം നന്ദിയറിയിച്ചു.