LiveTV

Live

National

പ്രധാനമന്ത്രിയുടെ വിതുമ്പല്‍ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്ന് ശോഭ സുരേന്ദ്രന്‍

പ്രധാനമന്ത്രി കണ്ഠം ഇടറി നടത്തിയ പ്രസംഗം ഇന്ത്യൻ പാർലമെന്‍റ് ചരിത്രത്തിൽ തങ്കലിപികളാൽ അടയാളപ്പെടുത്തും. ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വിതുമ്പല്‍ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്ന് ശോഭ സുരേന്ദ്രന്‍

രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വിരമിച്ച ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തങ്കലിപികളാല്‍ അടയാളപ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. വിടവാങ്ങൽ പ്രസംഗത്തിൽ പോലും ഇന്ത്യൻ മുസ്‍ലിം എന്നു സ്വയം വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവിന് ആദരവ് അര്‍പ്പിച്ച പ്രധാനമന്ത്രിയുടെ നിലപാട് വിയോജിപ്പുകളോട് പോലും പ്രതികരിക്കാൻ പ്രചോദിപ്പിക്കുന്നതാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തന്‍റെ ഏറ്റവും ശക്തനായ വിമർശകനെ രാജ്യസഭയിൽ നിന്ന് വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യൻ ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണ്. പ്രധാനമന്ത്രി കണ്ഠം ഇടറി നടത്തിയ പ്രസംഗം ഇന്ത്യൻ പാർലമെന്‍റ് ചരിത്രത്തിൽ തങ്കലിപികളാൽ അടയാളപ്പെടുത്തും. ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായുള്ള അടുപ്പവും അദ്ദേഹം നൽകിയ സേവനങ്ങളും വിവരിക്കവേയാണ് പ്രധാനമന്ത്രി കരഞ്ഞത്. ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിനിടെയാണ് പ്രധാനമന്ത്രി വികാരാധീനനായത്. പലപ്പോഴും വാക്കുകൾ മുറിഞ്ഞു. നിമിഷങ്ങളോളം വാക്കുകൾ കിട്ടാതെ സ്വയം നിയന്ത്രിക്കാനും മോദി പാടുപെടുന്നുണ്ടായിരുന്നു. ആസാദിന് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ശോഭാ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റ പൂര്‍ണരൂപം

രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വിരമിക്കുമ്പോൾ പ്രധാനമന്ത്രി കണ്ഠം ഇടറി നടത്തിയ പ്രസംഗം ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ തങ്ക ലിപികളാൽ അടയാളപ്പെടുത്തും. തന്റെ ഏറ്റവും ശക്തനായ വിമർശകൻ രാജ്യസഭയിൽ നിന്ന് വിരമിക്കുമ്പോൾ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. കശ്മീരിൽ നിന്നുള്ള അവസാനത്തെ രാജ്യസഭാ എംപി, വിടവാങ്ങൽ പ്രസംഗത്തിൽ പോലും ഇന്ത്യൻ മുസ്ലിം എന്നു സ്വയം വിശേഷിപ്പിച്ച, കോൺഗ്രസുകാരനായ നേതാവിന് ആദരവിന്റെ കണ്ണീർകണം സമർപ്പിക്കുന്ന പ്രധാനമന്ത്രി തന്നെയാണ് വിയോജിപ്പുകളോട് തുറന്ന മനസോടെ പ്രതികരിക്കാൻ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നത്.