ഗുലാം നബി ആസാദിന്റെ യാത്രയയപ്പ് ചടങ്ങിൽ കരഞ്ഞ് മോദി
"എന്റെ വാതിലുകൾ എന്നും താങ്കൾക്കായി തുറന്നുകിടക്കും"

രാജ്യസഭയിൽ കോൺഗ്രസ് എം.പി ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുലാം നബി അടക്കം ഈ മാസം വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പ് വേളയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായുള്ള അടുപ്പവും അദ്ദേഹം നൽകിയ സേവനങ്ങളും വിവരിക്കവേ മോദി കരഞ്ഞു. പലപ്പോഴും വാക്കുകൾ മുറിഞ്ഞു. നിമിഷങ്ങളോളം വാക്കുകൾ കിട്ടാതെ സ്വയം നിയന്ത്രിക്കാൻ പാടുപെട്ടു. ആസാദിന് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
സ്ഥാനമാനങ്ങൾ വരും, ഉയർന്ന പദവികൾ വരും, അധികാരം കൈവരും. ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടുപഠിക്കണം. ഒരു യാഥാർഥ സുഹൃത്തായാണ് ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നത്. അദ്ദേഹത്തെ വിരമിക്കാൻ അനുവദിക്കില്ല. അദ്ദേഹത്തിൽ നിന്ന് ഉപദേശം തേടുന്നത് തുടരും. എന്റെ വാതിലുകൾ എന്നും താങ്കൾക്കായി തുറന്നുകിടക്കുംനരേന്ദ്ര മോദി, പ്രധാനമന്ത്രി
ഇനി രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി വരുന്ന ആൾക്ക് ഗുലാം നബി ആസാദ് നടത്തിയ പ്രവർത്തനങ്ങൾക്ക് തുല്യമായത് ചെയ്യാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'കാരണം ഗുലാം നബി ആസാദ് സ്വന്തം പാർട്ടിക്കുവേണ്ടി മാത്രമായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. അദ്ദേഹം ഈ നാടിനുവേണ്ടിയും സഭക്കുവേണ്ടിയുമാണ് എന്നും നിലകൊണ്ടത്' -മോദി പറഞ്ഞു