LiveTV

Live

National

ആസാദിനെ വച്ച് മോദിയുടെ മാസ്റ്റർ സ്‌ട്രോക്ക്; കോൺഗ്രസ് ഇനി എന്തു ചെയ്യും?

ഇരുതല മൂർച്ചയുള്ള രാഷ്ട്രീയായുധമാണ് കോൺഗ്രസിനെതിരെ മോദി പ്രയോഗിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ

ആസാദിനെ വച്ച് മോദിയുടെ മാസ്റ്റർ സ്‌ട്രോക്ക്; കോൺഗ്രസ് ഇനി എന്തു ചെയ്യും?

ന്യൂഡൽഹി: ഒരു പ്രതിപക്ഷ നേതാവിന് നൽകുന്ന യാത്രയയപ്പ് വേളയിൽ ഇതുവരെ കാണാത്ത സംഭവങ്ങൾക്കാണ് രാജ്യസഭ ചൊവ്വാഴ്ച സാക്ഷിയായത്. ഗുലാം നബി ആസാദിനെ കുറിച്ചുള്ള സംസാരത്തിനിടെ വാക്കുകൾ മുറിഞ്ഞ് പലകുറി പ്രധാനമന്ത്രി നരേന്ദ്രമോദി ഇടറിനിന്നു. വിതുമ്പി. കണ്ണീരണിഞ്ഞു. ആസാദിനെ സല്യൂട്ട് ചെയ്തു. മോദിയുടെ നല്ലവാക്കുകളെ കൂപ്പുകൈയോടെയാണ് ആസാദ് സ്വീകരിച്ചത്.

ഒരു രാഷ്ട്രീയ എതിരാളിക്ക് പാർലമെന്റിൽ ഇത്തരമൊരു യാത്രയയ്പ്പ് ലഭിക്കുന്നത് അപൂർവ്വമായിരിക്കും. അതും രാഷ്ട്രീയകാലുഷ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന കാലത്ത്.

'എനിക്ക് ഗുലാം നബി ആസാദിനെ വർഷങ്ങളായി അറിയാം. മുഖ്യമന്ത്രി (ഗുജറാത്ത്) ആകുന്നതിന് മുമ്പു തന്നെ എന്നോട് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. അന്ന് ആസാദ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കശ്മീരിൽ ഭീകരാക്രമണം ഉണ്ടായ വേളയിൽ ഗുജറാത്തികൾ അവിടെ കുടുങ്ങിയത് എനിക്ക് മറക്കാനാകില്ല. ആ വേളയിൽ ആസാദും പ്രണബ് മുഖർജിയും നടത്തിയ ശ്രമങ്ങൾ വിസ്മരിക്കാൻ കഴിയില്ല. ആ ദിവസം ഗുലാം നബി ജി എന്നെ വിളിച്ചു' - ഇത് പറയുന്നതിനിടെയാണ് മോദി ആദ്യം വിതുമ്പിയത്. വെള്ളം കുടിച്ച് ഇടവേളയെടുത്ത ശേഷമാണ് മോദി സംസാരം തുടർന്നത്.

'അധികാരം വരും, പോകും. എങ്ങനെ അത് കൈകാര്യം ചെയ്യണം...' ഇത് പറയവെ മോദി വീണ്ടും കരഞ്ഞു. എന്നിട്ട് ആസാദിനെ സല്യൂട്ട് ചെയ്തു. 'നിങ്ങളെ വിരമിക്കാൻ ഞാൻ അനുവദിക്കില്ല. നിങ്ങളുടെ ഉപദേശം സ്വീകരിക്കുന്നത് തുടരും. നിങ്ങൾക്കായി എന്റെ വാതിലുകൾ എല്ലായ്‌പ്പോഴും തുറന്നിടും' - എന്നിങ്ങനെ പോയി മോദിയുടെ വാക്കുകൾ.

ആസാദ് എന്ന രാഷ്ട്രീയായുധം

ഇരുതല മൂർച്ചയുള്ള രാഷ്ട്രീയായുധമാണ് കോൺഗ്രസിനെതിരെ മോദി പ്രയോഗിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട ജി-23 സംഘത്തിന് ആസാദ് നേതൃത്വം നൽകുന്ന സാഹചര്യത്തിൽ മോദിയുടെ വാക്കുകൾക്കും ഇടർച്ചയ്ക്കും ഏറെ രാഷ്ട്രീയമാനങ്ങളുണ്ട്.

അത് പാർലമെന്റിലെ മോദിയുടെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമായിരുന്നു.

'ഗുലാം നബി എല്ലായ്‌പ്പോഴും മാന്യമായാണ് സംസാരിച്ചിട്ടുള്ളത്. മോശം ഭാഷ ഉപയോഗിച്ചിട്ടേയില്ല. നമ്മൾ അദ്ദേഹത്തിൽ നിന്ന് പഠിക്കണം. അക്കാര്യത്തിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തിയതിനെ അദ്ദേഹം പ്രകീർത്തിച്ചു. എന്നാൽ എനിക്കതിൽ ഉത്കണ്ഠയുണ്ട്. നിങ്ങളുടെ പാർട്ടി അതിനെ യഥാർത്ഥ സ്പിരിറ്റിൽ ഉൾക്കൊള്ളുമെന്ന് വിശ്വസിക്കുന്നു. ജി-23യുടെ കാഴ്ചപ്പാടായി അതിനെ എടുക്കില്ല എന്നും കരുതുന്നു' - എന്നാണ് മോദി പറഞ്ഞത്.

പാർലമെന്റിൽ നിന്ന് പുറത്തേക്ക് വരുന്ന ഗുലാം നബി ആസാദ്‌
പാർലമെന്റിൽ നിന്ന് പുറത്തേക്ക് വരുന്ന ഗുലാം നബി ആസാദ്‌

കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിൽ സമൂലമായ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ ജി23 സംഘത്തിന്റെ നേതാവ് എന്ന നിലയിലായിരുന്നു ആസാദിനെ കുറിച്ചുള്ള മോദിയുടെ പരാമർശങ്ങൾ. ആ വാക്കിൽ നിന്ന് മോദി ഉള്ളിലൊളിപ്പിച്ച രാഷ്ട്രീയം വ്യക്തവുമായിരുന്നു.

ജി-23യും കോൺഗ്രസും

നേതൃത്വത്തിലെ അഴിച്ചു പണി ആവശ്യപ്പെട്ട് ജി 23 സംഘം എഴുതിയ കത്ത് കോൺഗ്രസിൽ ഏറെ ചർച്ചയായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പാർട്ടിക്ക് പുതിയ നേതൃത്വം വേണമെന്നായിരുന്നു ജി 23 ഗ്രൂപ്പിന്റെ ആവശ്യം.

ശശി തരൂർ, മനീഷ് തിവാരി, ഭൂപീന്ദർ സിങ് ഹൂഡ, രജീന്ദർ കൗൾ, വീരപ്പമൊയ്‌ലി, പൃത്ഥ്വിരാജ് ചവാൻ, കപിൽ സിബൽ, വിവേക് തൻക, മുകുൾ വാസ്‌നിക്, ജിതിൻ പ്രസാദ, ഭൂപീന്ദർ സിങ് ഹൂഡ, അജയ് സിങ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബർ തുടങ്ങിയ നേതാക്കളാണ് ജി 23യിൽ ഉണ്ടായിരുന്നത്.

കോൺഗ്രസ് അടുത്തകാലത്തു കണ്ട ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായാണ് ഇതിനെ രാഷ്ട്രീയ വിദഗ്ദ്ധർ വിശേഷിപ്പിച്ചിരുന്നത്. സോണിയയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ ജി 23 നേതാക്കൾക്കെതിരെ അശോക് ഗെഹ്ലോട്ട്, പി ചിദംബരം, അംബക സോണി എന്നിവർ രൂക്ഷമായി സംസാരിച്ചിരുന്നു. രാഹുൽഗാന്ധിയുമായി അടുത്തു നിൽക്കുന്ന യുവനേതാക്കൾക്കും ആസാദ് അടക്കമുള്ള 'തിരുത്തൽവാദികൾക്കെതിരെ' അനിഷ്ടമുണ്ടായിരുന്നു.

ആസാദിനെ എന്തു ചെയ്യും?

മോദിയുടെ ആസാദ് 'പ്രകീർത്തന'ത്തിൽ യഥാർത്ഥത്തിൽ വെട്ടിലായത് കോൺഗ്രസാണ്. നിലവിൽ ജമ്മു കശ്മീരിൽ നിന്നുള്ള രാജ്യസഭാംഗമാണ് ആസാദ്. സംസ്ഥാനത്ത് ഇപ്പോൾ നിയമസഭയില്ലാത്തതിനാൽ അവിടെ നിന്ന് അദ്ദേഹത്തെ രാജ്യസഭയിലേക്ക് വീണ്ടും എത്തിക്കാനാകില്ല.

കോൺഗ്രസിന് മേധാവിത്വമുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉപരിസഭയിലേക്കെത്തിക്കുക എന്നതാണ് മറ്റൊരു കാര്യം. കേരളത്തിൽ നിന്നുള്ള മൂന്നു സീറ്റുകളാണ് ഇനി രാജ്യസഭയിലേക്ക് ഒഴിവരുന്നത്. എന്നാൽ കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മനസ്സു തുറന്നിട്ടില്ല. അതിന് തീരെ സാധ്യതയില്ല താനും.

ആസാദും സോണിയാ ഗാന്ധിയും
ആസാദും സോണിയാ ഗാന്ധിയും

1990കൾ മുതൽ രാജ്യസഭയിലെ കോൺഗ്രസ് ശബ്ദമാണ് ആസാദ് എന്ന കശ്മീരി. 1990ൽ മഹാരാഷ്ട്രയിൽ നിന്നാണ് ആദ്യം രാജ്യസഭയിലെത്തിയത്. 1996 മുതൽ കശ്മീരിൽ നിന്നും. 2006ൽ ജമ്മു കശ്മീർ മുഖ്യമന്ത്രിയാകുന്നതു വരെ അതു തുടർന്നു. 2014ൽ കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായി. അതിനു ശേഷമാണ് അദ്ദേഹം രാജ്യസഭാ പ്രതിപക്ഷ നേതാവായി മാറിയത്.

അടുത്തത് ആരാകും?

ഗാന്ധി കുടുംബത്തോട് ഏറെ അടുപ്പം പുലർത്തുന്ന ആസാദ് ഒഴിയുന്നതോടെ രാജ്യസഭയിൽ കോൺഗ്രസിന്റെ അടുത്ത നേതാവ് ആരാകുമെന്നതിൽ അഭ്യൂഹങ്ങൾ ശക്തമാണ്. ആനന്ദ് ശർമ്മ, മല്ലികാർജ്ജുൻ ഖാർഗെ, പി ചിദംബരം, ദിഗ്‌വിജയ് സിങ് എന്നീ പേരുകളാണ് കോൺഗ്രസ് പരിഗണിക്കുന്നത്. നിലവിൽ പ്രതിപക്ഷ ഉപനേതാവാണ് ആനന്ദ് ശർമ്മ. ആസാദിനെ പോലെ ശർമ്മയും ജി23 ലെ അംഗമാണ് എന്നതാണ് ഏറെ കൗതുകകരം.