LiveTV

Live

National

സെലിബ്രിറ്റികളെ ബിജെപി സമ്മര്‍ദത്തിലാക്കിയോ? മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണം നടത്താമെന്ന് അറിയിച്ചത്.

സെലിബ്രിറ്റികളെ ബിജെപി സമ്മര്‍ദത്തിലാക്കിയോ? മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും

നമ്മള്‍ എന്തുകൊണ്ട് കര്‍ഷക സമരത്തെ പിന്തുണക്കുന്നില്ലെന്ന ഗായിക റിഹാനയുടെ ചോദ്യത്തിന് പിന്നാലെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ നടത്തിയ പ്രതികരണം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും. ഒരേ സമയത്ത് ഒരേ ആശയമടങ്ങിയ സമാനമായ ഹാഷ് ടാഗുള്ള ട്വീറ്റുകള്‍ വന്നതോടെയാണ് അന്വേഷണം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണം നടത്താമെന്ന് അറിയിച്ചത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൈന നേവാള്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരുടെ ട്വീറ്റുകള്‍ ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് സെലിബ്രിറ്റികളും ഭരിക്കുന്ന പാര്‍ട്ടിയും തമ്മില്‍ ആശയവിനിമയം നടന്നെന്നാണ്. ബിജെപി സെലിബ്രിറ്റികളെ സമ്മര്‍ദത്തിലാക്കി കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി ട്വീറ്റ് ചെയ്യിച്ചതാണോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെയെങ്കില്‍ സെലിബ്രിറ്റികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണം.
കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത്

ഒരേ സ്വഭാവത്തിലുള്ള ട്വീറ്റുകള്‍ ആസൂത്രണം ചെയ്തതാണോ എന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുമെന്നാണ് അനില്‍ ദേശ്മുഖ് വ്യക്തമാക്കിയത്. സുനില്‍ ഷെട്ടി പോസ്റ്റില്‍ ഒരു ബിജെപി നേതാവിനെ ടാഗ് ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 3നാണ് ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപഗണ്ട, ഇന്ത്യ ടുഗെദര്‍ എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്- "ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാം" എന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്. ലത മങ്കേഷ്കര്‍, അക്ഷയ് കുമാര്‍, കരണ്‍ ജോഹര്‍, അജയ് ദേവഗണ്‍, സുനില്‍ ഷെട്ടി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ സമാന നിലപാടുമായി രംഗത്തെത്തി. പിന്നാലെയാണ് ബിജെപി സമ്മര്‍ദം ചെലുത്തി ട്വീറ്റ് ചെയ്യിച്ചതാണെന്ന ആരോപണം ഉയര്‍ന്നത്.

"രാജ്യത്തെ സെലിബ്രിറ്റികളുടെ നിലപാടിനോട് സാധാരണക്കാര്‍ രൂക്ഷമായി പ്രതികരിച്ചു. തന്‍റെ മേഖലക്ക് പുറത്തുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഞാൻ സച്ചിനെ ഉപദേശിക്കുന്നു"- എന്‍സിപി നേതാവ് ശരദ് പവാര്‍ ഇങ്ങനെ പ്രതികരിച്ചു.

ലതാ മങ്കേഷ്കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നീ പ്രമുഖ വ്യക്തിത്വങ്ങളുടെ യശസ്സ് വെറുമൊരു‌ ട്വീറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ കവർന്നെടുക്കാൻ പാടില്ലായിരുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ പറഞ്ഞു. അക്ഷയ് കുമാറിനെ പോലെയുള്ള താരങ്ങളെ കേന്ദ്രത്തിന് ഉപയോഗിക്കാം. ലതാ മങ്കേഷ്കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ ഭാരത് രത്ന പുരസ്കാര ജേതാക്കളാണ്. കേന്ദ്രം അവരോട് ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അവര്‍ അത് ചെയ്യുകയും ഇപ്പോള്‍ ട്രോളിന് ഇരയാവുകയും ചെയ്യുന്നുവെന്ന് രാജ് താക്കറെ അഭിപ്രായപ്പെട്ടു.