LiveTV

Live

National

ജനപ്രിയനും ദീർഘദർശിയുമായ പ്രധാനമന്ത്രി; മോദിയെ പ്രശംസ കൊണ്ട് മൂടി സുപ്രിംകോടതി ജഡ്ജ് എംആർ ഷാ

ജസ്റ്റിസ് ഷായുടെ പരാമർശനത്തിനെതിരെ സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് ആർഎം ലോധ രംഗത്തു വന്നു

ജനപ്രിയനും ദീർഘദർശിയുമായ
പ്രധാനമന്ത്രി; മോദിയെ പ്രശംസ കൊണ്ട് മൂടി സുപ്രിംകോടതി ജഡ്ജ് എംആർ ഷാ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസ കൊണ്ട് മൂടി സുപ്രിംകോടതി ജഡ്ജ് എംആർ ഷാ. 'അങ്ങേയറ്റം ജനപ്രിയനായ, സ്‌നേഹിക്കപ്പെടുന്ന, ഊർജ്വസ്വലനായ, ദീർഘദർശിയായ നേതാവ്' എന്നാണ് ഷാ മോദിയെ വിശേഷിപ്പിച്ചത്. ഗുജറാത്ത് ഹൈക്കോടതിയുടെ 60-ാം വർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ഈ പ്രധാനപ്പെട്ട ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദവും അഭിമാനവുമുണ്ട്. 60 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഗുജറാത്ത് ഹൈക്കോടതി സ്മാരക സ്റ്റാംപ് പുറത്തിറക്കുന്ന വേളയാണിത്. അത് പുറത്തിറക്കുന്നത് നമ്മുടെ ഏറ്റവും ജനപ്രിയനായ, സ്‌നേഹിക്കപ്പെടുന്ന, ഊർജ്വസ്വലനും ദീർഘദർശിയുമായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്' - എന്നാണ് വിർച്വലായി നടത്തിയ പ്രസംഗത്തിന്റെ തുടക്കത്തിൽ ജസ്റ്റിസ് ഷാ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

തന്റെ സംസാരത്തിന്റെ അവസാനത്തിലും മോദിയെ ഒരിക്കൽക്കൂടി 'ഏറ്റവും സ്‌നേഹിക്കപ്പെടുന്ന പ്രധാനമന്ത്രി' എന്ന് ജസ്റ്റിസ് ഷാ വിശേഷിപ്പിച്ചു.

ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

സിറ്റിങ് ജഡ്ജിയായ ജസ്റ്റിസ് ഷായുടെ പരാമർശത്തിനെതിരെ മുൻ ചീഫ് ജസ്റ്റിസ് ആർഎം ലോധ രംഗത്തു വന്നു. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന് ആർ എം ലോധ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

'ഇക്കാര്യങ്ങൾ സമ്പൂർണമായി ഒഴിവാക്കപ്പെടേണ്ടതായിരുന്നു. സംയമനം പാലിക്കുന്നതാണ് ശൗര്യത്തിന്റെ ഏറ്റവും മികച്ച ഭാഗം എന്നാണ് ചൊല്ല്'
മുൻ ചീഫ് ജസ്റ്റിസ് ആർഎം ലോധ

പരാമർശം കേട്ട് അതിശയിച്ചു പോയി എന്നാണ് മുൻ സുപ്രിം കോടതി ജഡ്ജ് ജസ്റ്റിസ് ഗോപാൽ ഗൗഡ പ്രതികരിച്ചത്. പ്രധാനമന്ത്രി സ്മാരക സ്റ്റാംപ് പുറത്തിറക്കുന്നത് ഏറെ സ്വാഗതാർഹമായ കാര്യമാണ്. ഭരണഘടനാ ഉത്തരവാദിത്വമുള്ള സിറ്റിങ് സുപ്രിം കോടതി ജഡ്ജ് ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കുന്നത് അനാവശ്യമായിപ്പോയി. ഇത്തരത്തിൽ ഭരണനിർവഹണ സംവിധാനത്തെ പുകഴ്ത്തിയാൽ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം ഇല്ലാതാകും' - അദ്ദേഹം ചൂണ്ടിക്കാട്ടി.

നരേന്ദ്രമോദി
നരേന്ദ്രമോദി

എന്നാൽ ഇതൊരു പ്രശ്‌നമാക്കേണ്ടതില്ല എന്നാണ് പരമോന്നത കോടതിയിലെ മറ്റൊരു റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ് ബിപി സിങ് പറഞ്ഞത്. കോടതിയിലെ ഏതെങ്കിലും കേസുകളെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകാം- അദ്ദേഹം കൂട്ടിച്ചേർത്തു.

അരുൺമിശ്ര ഉയർത്തിയ വിവാദം

സുപ്രിം കോടതി ജഡ്ജായിരുന്ന (ഇപ്പോൾ വിരമിച്ചു) ജസ്റ്റിസ് അരുൺ മിശ്ര കഴിഞ്ഞ വർഷം മോദിയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. 'ആഗോളതലത്തിൽ ചിന്തിച്ച് പ്രാദേശിക തലത്തിൽ കാര്യങ്ങൾ ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി' എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ജസ്റ്റിസ് മിശ്രയുടെ പരാമർശത്തിനെതിരെ സുപ്രിം കോടതി ബാർ അസോസിയേഷൻ രംഗത്തു വരികയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ ദുർബലമാക്കുന്ന പരാമർശമാണ് ജസ്റ്റിസ് മിശ്രയുടേതാണ് എന്നാണ് ബാർ അസോസിയേഷൻ കുറ്റപ്പെടുത്തിയിരുന്നത്.