LiveTV

Live

National

കർഷക രോഷത്തിൽ വിറച്ച് ബിജെപി; പഞ്ചാബിലും ഹരിയാനയിലും വൻ കൊഴിഞ്ഞു പോക്ക്

ഇനി ഏഴു ദിവസം മാത്രമാണ് പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്

കർഷക രോഷത്തിൽ വിറച്ച് ബിജെപി; പഞ്ചാബിലും ഹരിയാനയിലും വൻ കൊഴിഞ്ഞു പോക്ക്

അമൃത്സർ: തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കെ പഞ്ചാബ് ബിജെപിയിൽ നിന്ന് വൻ കൊഴിഞ്ഞുപോക്ക്. പാർട്ടി കോർ കമ്മിറ്റിയിലെ ഏക സിഖ് മുഖമായ മൽവീന്ദർ സിങ് ഖാങ് ഉൾപ്പെടെ നിരവധി ബിജെപി നേതാക്കളാണ് ജനുവരിയിൽ മാത്രം ബിജെപി വിട്ടത്. ഇനി ഏഴു ദിവസം മാത്രമാണ് സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്.

എല്ലായിടത്തു പോയാലും കർഷകർ തങ്ങളെ പിന്തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ബിജെപി ജലന്ധർ മുൻ ജില്ലാ അധ്യക്ഷൻ രമേശ് ശർമ്മ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

കഴിഞ്ഞ മാസം മാത്രം 20 പ്രമുഖ നേതാക്കൾ ബിജെപി വിട്ടതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കർഷക പ്രതിഷേധം ഭയന്ന് പലയിടത്തും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പോലും ബിജെപിക്കായിട്ടില്ല. എട്ട് മുനിസിപ്പൽ കോർപറേഷനിലേക്കും 109 മുനിസിപ്പൽ കൗൺസിൽ/നഗർ പഞ്ചായത്തുകളിലേക്കുമാണ് വരുന്ന 14ന് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം 2302 സീറ്റുകളാണ് ഉള്ളത്.

കർഷക സമരത്തിന് ശേഷമുള്ള ആദ്യ ജനവിധി കൂടിയാണിത്. 2015ൽ കൂടെയുണ്ടായിരുന്ന അകാലിദൾ ഇത്തവണ ഒപ്പമില്ലാത്തതും ബിജെപിക്ക് വെല്ലുവിളിയാണ്. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് എൻഡിഎയിലെ ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദൾ ബിജെപി ബന്ധം ഉപേക്ഷിച്ചത്.

ഹരിയാനയിലും ബിജെപി നേതാക്കൾക്കെതിരെ രോഷം ശക്തമാണ്. കാർഷിക നിയമങ്ങൾക്ക് അനുകൂലമായ റാലി സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്ത് ഇതുവരെ വിജയം കണ്ടിട്ടില്ല. ജനുവരി പത്തിന് കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ കോപ്ടർ ഇറങ്ങാൻ പോലും കർഷകർ സമ്മതിച്ചിരുന്നില്ല. 1500 പൊലീസുകാരെ വിന്യസിച്ചിട്ടും ബിജെപി വേദി കർഷകർ കൈയടക്കുകയായിരുന്നു.

ബിജെപി മാത്രമല്ല, സഖ്യകക്ഷിയായ ജെജെപിയും സമാന പ്രതിസന്ധി നേരിടുന്നുണ്ട്. ബിജെപിയുടെയോ ജെജെപിയുടെയോ പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.