അവർ ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തി, ഇന്ത്യൻ ചായയെ പോലും വെറുതെ വിട്ടില്ല: മോദി
"ഈ ആക്രമണം നടത്തിയവരെ പ്രകീർത്തിക്കുന്നവരുണ്ട്. അവരെ നിങ്ങൾ അംഗീകരിക്കുമോ? "

ഗുവാഹത്തി: ഇന്ത്യയെ രാജ്യാന്തര തലത്തിൽ അപകീർത്തിപ്പെടുത്താനുള്ള വിദേശ ഗൂഢാലോചന സജീവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ഗൂഢാലോചനയിൽ ഇന്ത്യൻ ചായയെ പോലും അവർ വെറുതെ വിട്ടില്ലെന്നും മോദി പറഞ്ഞു. അസമിലെ സോണിത്പൂരിൽ വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യവെയാണ് മോദിയുടെ പരാമർശങ്ങൾ.
ചായയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ അസ്തിത്വത്തിന് എതിരെ ഗൂഢാലോചന നടന്നു എന്നതിന്റെ രേഖകൾ കിട്ടിയിട്ടുണ്ട്. ഇത് നിങ്ങൾ അംഗീകരിക്കുമോ? ഈ ആക്രമണം നടത്തിയവരെ പ്രകീർത്തിക്കുന്നവരുണ്ട്. അവരെ നിങ്ങൾ അംഗീകരിക്കുമോ? -മോദി ചോദിച്ചു.
'2016 വരെ അസമിൽ ആറു മെഡിക്കൽ കോളജുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആറു മെഡിക്കൽ കോളജുകളുടെ പ്രവർത്തനം ആരംഭിച്ചു. രണ്ടെണ്ണത്തിന് തറക്കല്ലിടുകയും ചെയ്തു. അസമിലെ ഈ മാറ്റങ്ങളിൽ ആഹ്ലാദമുണ്ട്'- മോദി പറഞ്ഞു.
7700 കോടി ചെലവുള്ള റോഡ് പദ്ധതിയായ 'അസം മാല' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രധാനപ്പെട്ട ജില്ലാ റോഡുകളെയും സംസ്ഥാന പാതകളെയും അപ്ഗ്രേഡ് ചെയ്യുന്ന പദ്ധതിയാണിത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽക്കൂടിയാണ് മോദിയുടെ അസം സന്ദർശനം. അസമിന് പുറമേ, പശ്ചിമബംഗാൾ കൂടി മോദി സന്ദർശിക്കുന്നുണ്ട്.