സച്ചിന്, ലതാ മങ്കേഷ്കര്‍ എന്നിവര്‍ ട്രോള്‍ ചെയ്യപ്പെടാന്‍ കാരണം കേന്ദ്രം; രാജ് താക്കറെ
'അക്ഷയ് കുമാറിനെ പോലെയുള്ള താരങ്ങളെ കേന്ദ്രത്തിന് ഉപയോഗിക്കാം. ലതാ മങ്കേഷ്കര്‍, സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ ഭാരത് രത്ന പുരസ്കാര ജേതാക്കളാണ്'

ലതാ മങ്കേഷ്കര്‍, സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്നീ പ്രമുഖ വ്യക്തിത്വങ്ങളുടെ യശസ്സ് വെറുമൊരു ട്വീറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ കവർന്നെടുക്കാൻ പാടില്ലായിരുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. കര്‍ഷക വിഷയം സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമാണെന്നും രാജ്യവുമായി അതിന് യാതൊരു ബന്ധമില്ലെന്നും താക്കറെ കൂട്ടിചേര്‍ത്തു.
രാജ്യത്തെ പ്രമുഖരായ കായിക, സിനിമാ താരങ്ങളുടെ കേന്ദ്ര സര്‍ക്കാര്‍ അനുകൂല ട്വീറ്റുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ് താക്കറെ വിമര്‍ശനമുന്നയിച്ചത്.
'ഇവരെല്ലാം വലിയ വ്യക്തിത്വങ്ങളാണ്. അവരോട് ട്വീറ്റും ഹാഷ് ടാഗും നല്കി പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് വഴി കേന്ദ്ര സര്‍ക്കാര്‍ അവരുടെ യശസ്സിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്', രാജ് താക്കറെ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'അക്ഷയ് കുമാറിനെ പോലെയുള്ള താരങ്ങളെ കേന്ദ്രത്തിന് ഉപയോഗിക്കാം. ലതാ മങ്കേഷ്കര്‍, സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ ഭാരത് രത്ന പുരസ്കാര ജേതാക്കളാണ്. അവര്‍ ലളിത മനുഷ്യരാണ്. കേന്ദ്രം അവരോട് ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അവര്‍ അത് ചെയ്യുകയും ഇപ്പോള്‍ ട്രോളിന് ഇരയാവുകയും ചെയ്യുന്നു', രാജ് താക്കറെ പറഞ്ഞു.
ഡല്‍ഹിയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് ആഗോള തലത്തില്‍ രിഹാന, ഗ്രെയ്റ്റ് തുന്‍ബെര്‍ഗ് അടക്കമുള്ള പ്രമുഖര്‍ രംഗത്തുവന്നിരുന്നു. ഇതിനെതിരെയാണ് രാജ്യത്തെ കായിക, സിനിമാ താരങ്ങള്‍ ഒരേ മാതൃകയില്‍ ട്വീറ്റ് ചെയ്തത്. ഇത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് പരക്കെ ആക്ഷേപമുണ്ട്.