ആവശ്യങ്ങള്‍ നേടിയെടുക്കാതെ മടങ്ങില്ല: രാകേഷ് ടികായത്
അതേ സമയം കാര്‍ഷിക നിയമത്തിലും കര്‍ഷക പ്രക്ഷോഭത്തിലും പാര്‍ലമന്റിൽ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒക്ടോബര്‍ രണ്ടുവരെ സമയം നല്‍കിയിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്. അതുവരെ സമരം തുടരുമെന്നും ഒക്ടോബര്‍ രണ്ടിന് ശേഷമുള്ള നടപടികളെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുന്ന മൂന്ന് മണിക്കൂര്‍ 'ചക്കാ ജാം' അവസാനിച്ചതിന് ശേഷം ഗാസിപുര്‍ അതിര്‍ത്തിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാകേഷ് ടികായത്.
സമ്മര്‍ദത്തിലിരുന്ന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വീട്ടിലേക്ക് മടങ്ങില്ല. ഒക്ടോബര്‍ രണ്ടു വരെ ഞങ്ങള്‍ സര്‍ക്കാരിന് നിയമങ്ങള്‍ക്ക് പിന്‍വലിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. അതിന് ശേഷം മറ്റുകാര്യങ്ങള്‍ ആലോചിക്കാം. ചര്‍ച്ചകള്‍ക്കായി സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദത്തിനും പോകുന്നില്ല' ടികായത് പറഞ്ഞു.
അതേ സമയം കാര്‍ഷിക നിയമത്തിലും കര്‍ഷക പ്രക്ഷോഭത്തിലും പാര്‍ലമന്റിൽ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഉപാധികളോടെയാണ് ചര്‍ച്ചക്ക് തയാറെന്ന നിര്‍ദ്ദേശം കേന്ദ്രം പ്രതിപക്ഷത്തിന് മുന്നില്‍ വയ്ക്കുന്നത്. ലോക്സഭാ സ്തംഭനം ഒഴിവാക്കാന്‍ എന്ന നിലയ്ക്കാണ് കേന്ദ്രത്തിന്റെ നീക്കം.
നന്ദി പ്രമേയ ചര്‍ച്ചയുമായി സഹകരിക്കണം, ബില്ലുകളിന്മേല് ചര്‍ച്ചക്ക് തയാറാകണം, ബജറ്റ് പാസാക്കാന്‍ പിന്തുണക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
കര്‍ഷക സംഘടനകളുടെ റോഡ് തടയല്‍ സമരം രാജ്യമെമ്പാടും നടന്നു.