ഇന്ത്യക്കാരനായതില്‍ ഭാഗ്യവാന്, ആ ക്യാംപയ്ന് വേണ്ട: രത്തന്‍ ടാറ്റ
സാമൂഹിക മാധ്യമങ്ങളിൽ രത്തൻ ടാറ്റ ഇതു സംബന്ധിച്ച പ്രസ്താവന പോസ്റ്റ് ചെയ്തു

മുംബൈ: തനിക്ക് ഭാരതരത്ന നൽകണം എന്നാവശ്യപ്പെട്ടുള്ള ക്യാംപയ്നുകൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി വ്യവസായി രത്തൻടാറ്റ. ഇന്ത്യയ്ക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നതായും രാഷ്ട്രപുരോഗതിക്കായി ഇനിയും യത്നിക്കുമെന്നും ടാറ്റ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ രത്തൻ ടാറ്റ ഇതു സംബന്ധിച്ച പ്രസ്താവന പോസ്റ്റ് ചെയ്തു.
'ഒരു പുരസ്കാരത്തിനായി സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്ന വൈകാരിക പ്രകടനങ്ങളെ മാനിക്കുന്നു. ഇത്തരം ക്യാംപയ്നുകൾ നിർത്താൻ താഴ്മയായി അപേക്ഷിക്കുന്നു. പകരം, ഒരു ഇന്ത്യയ്ക്കാരൻ എന്ന നിലയിൽ ഭാഗ്യവാനാണ് എന്ന് ഞാൻ സ്വയം കരുതുന്നു. ഇന്ത്യയുടെ വളർച്ചയ്ക്കും ഐശ്വര്യത്തിനും വേണ്ടി യത്നിക്കും' - രത്തൻ ടാറ്റ വ്യക്തമാക്കി.
2020ലെ ഭാരത രത്ന പുരസ്കാരം രത്തൻ ടാറ്റയ്ക്ക് നൽകണം എന്നാവശ്യപ്പെട്ടായിരുന്നു ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലെ ക്യാംപയിനുകൾ. ടാറ്റ ഗ്രൂപ്പ് ചെയർമാനായ രത്തൻ ടാറ്റയ്ക്ക് പത്മവിഭൂഷൺ, പത്മഭൂഷൺ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബിസിനസ് മൂല്യങ്ങൾ കൊണ്ടും കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും പേരു കേട്ട വ്യവസായി കൂടിയാണ് രത്തൻ ടാറ്റ.