LiveTV

Live

National

വിരട്ടേണ്ട, നിശ്ശബ്ദയാക്കാനാകില്ല; കർഷകർക്കൊപ്പമെന്ന് ആവർത്തിച്ച് മീന ഹാരിസ്

"ഭയപ്പെടുത്താനാകില്ല. നിശ്ശബ്ദമാക്കാനും"

വിരട്ടേണ്ട, നിശ്ശബ്ദയാക്കാനാകില്ല; കർഷകർക്കൊപ്പമെന്ന് ആവർത്തിച്ച് മീന ഹാരിസ്

ന്യൂഡൽഹി: തന്നെ നിശ്ശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും കർഷകരെ ഇനിയും പിന്തുണയ്ക്കുമെന്നും യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസിന്റെ ബന്ധു മീന ഹാരിസ്. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട 'വിദേശ' ട്വീറ്റുകളിൽ ഇന്ത്യയിൽ ഉയർന്ന വിവാദങ്ങളോടാണ് മീനയുടെ പ്രതികരണം.

'ഭയപ്പെടുത്താനാകില്ല. നിശ്ശബ്ദമാക്കാനും' എന്നാണ് അവരുടെ കുറിപ്പ്. കർഷകരുടെ സമാധാനപരമായ പ്രതിഷേധത്തിന് ഒപ്പം നിൽക്കുമെന്നും അവർ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് എഴുത്തുകാരി കൂടിയായ മീന വിഷയത്തിൽ പ്രതികരിക്കുന്നത്.

'ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുൻപ് ആക്രമിക്കപ്പെട്ടിരുന്നു. നമ്മൾ അതിനു വേണ്ടി സംസാരിച്ചു. ഇപ്പോഴിതാ ലോകത്തിലെ വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണ്. ഇത് യാദൃച്ഛികമല്ല, ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇന്ത്യയിലെ ഇന്റർനെറ്റ് വിച്ഛേദങ്ങളും കർഷക പ്രതിഷേധക്കാർക്കു നേരെയുള്ള അതിക്രമങ്ങളും അന്യായമാണ്' - എന്നായിരുന്നു മീന ഹാരിസിന്റെ ആദ്യ ട്വീറ്റ്.

പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ് എന്നിവർക്കൊപ്പമാണ് മീനയും വിഷയത്തിൽ പ്രതികരിച്ചിരുന്നത്. ഈ ട്വീറ്റുകൾക്കെതിരെ കേന്ദ്രസർക്കാർ രംഗത്തു വന്നിരുന്നു. സച്ചിൻ അടക്കമുള്ള നിരവധി സെലിബ്രിറ്റികളും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ആഭ്യന്തര വിഷയങ്ങൾ ഇന്ത്യയ്ക്ക് പരിഹരിക്കാൻ അറിയാം എന്നായിരുന്നു ഇവരുടെ ട്വീറ്റുകൾ.