LiveTV

Live

National

'പ്രൊപ്പഗണ്ട അധ്യാപകരാകാന്‍ ആരും വരേണ്ടതില്ല'കര്‍ഷക സമരം രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കുമെന്ന പ്രചരണത്തിനെതിരെ താപ്‍സി പന്നു

ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നായിരുന്നു താപ്സയുടെ ട്വീറ്റ്.

'പ്രൊപ്പഗണ്ട അധ്യാപകരാകാന്‍ ആരും വരേണ്ടതില്ല'കര്‍ഷക സമരം രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കുമെന്ന പ്രചരണത്തിനെതിരെ താപ്‍സി പന്നു

ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് അന്തര്‍ദേശീയ തലത്തില്‍ പ്രതികരണം നടത്തുന്നവര്‍ക്കെതിരെ കേന്ദസര്‍ക്കാരും ചലച്ചിത്ര-കായിക താരങ്ങളും രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം താപ്‍സി പന്നു. ഇന്ത്യ ഒറ്റക്കെട്ടാണെന്നും പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയേണ്ട എന്ന തരത്തിലുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ സ്വരത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന നിലയില്‍ ചലച്ചിത്ര-കായിക താരങ്ങളും രംഗത്തുവന്നത്. എന്നാല്‍ ഇത്തരം പ്രതികരണത്തില്‍ ശക്തമായ വിയോജിപ്പാണ് താപ്‍സി പന്നു രേഖപ്പെടുത്തിയത്.

ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നായിരുന്നു താപ്സയുടെ ട്വീറ്റ്.

'ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്നുണ്ടെങ്കില്‍ ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍, മറ്റുള്ളവരെ പാഠം പഠിപ്പിക്കാന്‍ പോകുകയല്ല പോകേണ്ടത്, മറിച്ച് നിങ്ങളുടെ മൂല്യവ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്തുകയാണ് വേണ്ടത്' താപ്‌സി പന്നു ട്വിറ്ററില്‍ കുറിച്ചു. ആരുടെയും പേരെടുത്തു പറയാതെയയാണ് താപ്‌സിയുടെ ട്വീറ്റെങ്കിലും രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് അഭിപ്രായ പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് ട്വീറ്റെന്ന് വ്യക്തമാണ്.

ക്രിക്കറ്റ് താരം മനോജ് തിവാരിയും താരങ്ങളുടെ നിലപാടിനെ എതിര്‍ത്ത് രഗത്ത് വന്നിട്ടുണ്ട്. സർക്കാരിന്‍റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന പാവകളെയാണ് ഇപ്പോള്‍ കാണുന്നതെന്നായിരുന്നു തിവാരിയുടെ വിമര്‍ശനം.

ഞാന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ പാവ കളി കാണാന്‍ സാധിച്ചിരുന്നില്ലെന്നും, ഇപ്പോള്‍ എനിക്ക് 35 വയസായെന്നും, പാവ കളി നന്നായി കാണാന്‍ സാധിക്കുന്നുണ്ടെന്നുമായിരുന്നു തിവരിയുടെ ട്വീറ്റ്.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ഇന്‍റര്‍നെറ്റ് വിലക്കടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതികരിച്ചും പോപ് താരം റിഹാനയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിഷയം അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്, ബ്രിട്ടീഷ് എം.പി ക്ലൗഡിയ വെബ്ബെ, അമേരിക്കയിലെ പാര്‍ലമെന്‍റ് അംഗം ജിം കോസ്റ്റ, സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ് എന്നിങ്ങനെ നിരവധി പ്രമുഖര്‍ കര്‍ഷകര്‍ക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തി.

കര്‍ഷക പ്രക്ഷോഭത്തിന് ആഗോളതലത്തില്‍ ഇത്തരം പിന്തുണ ലഭിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഇതിനെതിരെ ഇന്ത്യയിലെ ചലച്ചിത്ര താരങ്ങളും കായിക താരങ്ങളും രംഗത്തെത്തിയത്. 'ഇന്ത്യ ടുഗതര്‍', 'ഇന്ത്യ എഗൈന്‍സ്റ്റ് പ്രൊപഗണ്ട' തുടങ്ങിയ ഹാഷ് ടാഗുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ക്യാമ്പയിന്‍ സജീവമാകുന്നത്. ബോളിവുഡില്‍നിന്നു അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവരും കായിക മേഖലയില്‍ നിന്ന് വിരാട് കോഹ്‍ലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, അജിങ്ക്യ രഹാനെ തുടങ്ങിയവരും ഇതേ ഹാഷ് ടാഗ് ഉപയയോഗിച്ച് ട്വീറ്റ് ചെയ്തിരുന്നു.