മഞ്ഞ് മൂടി റോഡ് ബ്ലോക്കായി; സൈനിക വാഹനത്തില്‍ കുഞ്ഞിന് ജന്മം നല്കി യുവതി
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം നടന്നത്

മഞ്ഞ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടത് മൂലം ആശുപത്രിയിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സൈനിക വാഹനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്കി. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം നടന്നത്. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആര്‍മിയുടെ ആംബുലന്‍സിലാണ് യുവതി പ്രസവിച്ചതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
നരിക്കൂട്ടിലെ പ്രസവ വേദന കൊണ്ട് പുളയുന്ന യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നും മഞ്ഞ് വീഴ്ച മൂലം തങ്ങളുടെ ആംബുലന്‍സിന് സ്ഥലത്ത് എത്തിച്ചേരാന്‍ സാധിക്കില്ലെന്നും അറിയിച്ചുകൊണ്ട് കളറൂസ് കമ്പനി കമാൻഡർക്ക് തിങ്കളാഴ്ച പുലര്‍ച്ചെ ആശാ വര്‍ക്കറുടെ ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടന്‍ തന്നെ ആര്‍മിയുടെ ആംബുലന്‍സിനൊപ്പം മെഡിക്കല്‍ സംഘവും നരിക്കൂട്ടിലെത്തുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ യുവതിക്ക് പ്രസവ വേദന മൂര്‍ച്ഛിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. സൈന്യത്തിന്റെ മെഡിക്കല്‍ സംഘവും യുവതിയെ ശുശ്രൂഷിക്കാനുണ്ടായിരുന്നു. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും സമാനരീതിയില്‍ ഒരു സംഭവം നടന്നിരുന്നു. പ്രസവ വേദന കൊണ്ട് പുളഞ്ഞ ഷമീമ എന്ന യുവതിയെ കാശ്മീരിലെ കനത്ത മഞ്ഞിലൂടെ സൈനികര്‍ ചുമന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാല് മണിക്കൂറാണ് ഗര്‍ഭിണിയെയും ചുമന്നുകൊണ്ട് സൈന്യം നടന്നത്.