നിരത്തിൽ ആണികളും കോൺക്രീറ്റ് മതിലും: കർഷക സമരം നേരിടാൻ യുദ്ധ സമാന സന്നാഹവുമായി ഡൽഹി പൊലീസ്
വാളുകൊണ്ടുള്ള അക്രമം തടയാൻ ഇരുമ്പ് ദണ്ഡുകളും , നിരത്തുകളിൽ ആണി നിരത്തിയും കോൺക്രീറ്റ് മതിലുകളും നിരത്തിയുള്ള സുരക്ഷാ സന്നാഹത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

നിരത്തുകൾ നിറയെ ആണികൾ, കോൺക്രീറ്റ് മതിലുകൾ , നിരനിരയായുള്ള ബാരിക്കേഡുകൾ അതിനു പിറകിൽ വരിവരിയായി അണിനിരന്ന പൊലീസുകാർ. ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരെ തടയാൻ ഡൽഹി പൊലീസ് ഒരുക്കിയതാണ് ഈ യുദ്ധസമാന സന്നാഹങ്ങൾ. കനത്തപൊലീസ് സന്നാഹവും ബാരിക്കേഡുകളുമായി ഡൽഹിയുടെ സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളെ തിങ്കളാഴ്ച കോട്ടകളാക്കി മാറ്റുകയായിരുന്നു.
റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ നടന്ന കിസാൻ പരേഡ് സംഘർഷത്തിൽ അവസാനിച്ചതിനെ തുടർന്നാണ് സമര വേദികളിൽ സുരക്ഷാ വർധിപ്പിച്ചത്. വാളുകൊണ്ടുള്ള അക്രമം തടയാൻ ഇരുമ്പ് ദണ്ഡുകളും , നിരത്തുകളിൽ ആണി നിരത്തിയും കോൺക്രീറ്റ് മതിലുകളും നിരത്തിയുള്ള സുരക്ഷാ സന്നാഹത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
വിവിധ അതിർത്തികളിലെ സന്നാഹങ്ങൾ ഇങ്ങനെ :
സിംഗു അതിർത്തി
കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ രണ്ടു വരിയായി നിരത്തിയിട്ടുള്ള സിമന്റ് ബാരിക്കേഡുകൾക്കു മുകളിലൂടെ ഇരുമ്പുദണ്ഡുകൾ നിരത്തിയാണ് സിംഗു അതിർത്തിയിൽ ഡൽഹി പൊലീസ് സുരക്ഷാ സന്നാഹം ഒരുക്കിയത്. ഡൽഹി - ഹരിയാന അതിർത്തിയിലെ സിംഗുവിൽ ഉയർത്തിയ കോൺക്രീറ്റ് മതിൽ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തി.
ഗാസിപൂർ അതിർത്തി
ഉത്തർ പ്രദേശുമായി ഡൽഹി അതിർത്തി പങ്കിടുന്ന ഗാസിപൂരിൽ ഒരു പൊലീസ് ക്യാമ്പിന്റെ പ്രതീതിയാണ്. പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി , റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്നിവയിലെ സേനാംഗങ്ങളെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.
സമരസ്ഥലത്തെ ആകാശ നിരീക്ഷണത്തിനായി ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.
ഒരുപാട് ദൂരം നീണ്ടു നിൽക്കുന്ന ബാരിക്കേഡുകളും പൊലീസ് സന്നാഹങ്ങളും നിറഞ്ഞതാണ് സ്ഥലത്തിന്റെ ആകാശക്കാഴ്ച . ബാരിക്കേഡിനു പുറമെ കാൽനടയായി പോകുന്ന കർഷകരെ തടയാൻ മുള്ളുകമ്പികളും നിരത്തിയിട്ടുണ്ട്.
തിക്രി അതിർത്തി
നിരനിരയായുള്ള ബാരിക്കേഡുകളും റോഡിൽ നിരത്തിയ ആണികളുമടങ്ങുന്നതാണു തിക്രി അതിർത്തിയിലെ സുരക്ഷാ സന്നാഹം. അനുമതിയില്ലാതെ വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നത് തടയാൻ ഇരുമ്പ് ആണികളാണ് തങ്ങൾ നിരത്തിയിരിക്കുന്നതെന്നു പണിക്കാരിലൊരാൾ പറഞ്ഞു. ഇതിലൂടെ ഡൽഹിയിലേക്കു കടക്കാൻ ശ്രമിക്കുന്ന വാഹനങ്ങളുടെ ടയറുകൾ പഞ്ചറാകും.
ഡൽഹി പോലീസിന്റെ നീക്കത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. ഇരുമ്പ് ദണ്ഡുകൾ ഉപയോഗിക്കാൻ ഔദ്യോഗിക നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും ചില പൊലീസുകാർ സ്വന്തം താത്പര്യത്തിൽ ചെയ്തതാകാമെന്നും ഡൽഹി പൊലീസ് വിശദീകരിച്ചു.