കര്‍ഷക സമരം: ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ ബിജെപിക്ക് വിലക്ക്
ഗായിസാബാദ്, ബിജിനോര്‍, ഷാംലി തുടങ്ങിയ ഗ്രാമങ്ങളിലാണ് ബിജെപിയെ പടിക്ക് പുറത്തുനിര്‍ത്തണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കര്‍ഷക സമരം തുടരുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ ബിജെപിക്ക് വിലക്ക്. പടിഞ്ഞാറന്‍ യു.പിയിലെ ഗായിസാബാദ്, ബിജിനോര്‍, ഷാംലി തുടങ്ങിയ ഗ്രാമങ്ങളിലാണ് ബിജെപിയെ പടിക്ക് പുറത്തുനിര്‍ത്തണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ലോണി എംഎല്‍എ നന്ദ കിഷോര്‍ ഗുര്‍ജറിനെ ബഹിഷ്കരിക്കണമെന്ന ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത് ബന്തല ഗ്രാമത്തിലാണ്. ജനുവരി 28ന് ഗാസിപൂരില്‍ കർഷകര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടവരില്‍ ഗുര്‍ജറും സംഘവുമുണ്ടായിരുന്നെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ പറഞ്ഞു. ബിജ്നോറിലെ റാഷിദ്പുരിലെ പോസ്റ്ററുകളിലുള്ളത് ബി.ജെ.പി നേതാക്കൾക്കും അനുയായികൾക്കും ഗ്രാമങ്ങളിലേക്ക് പ്രവേശനം നല്‍കില്ലെന്നാണ്. കര്‍ഷകര്‍ക്ക് എതിരായി നില്‍ക്കുന്നവരെ ബഹിഷ്കരിക്കണമെന്നാണ് മുസഫർ നഗറിലെയും ബാഗ്പതിലെയും പഞ്ചായത്ത് യോഗങ്ങളിലുണ്ടായ ആഹ്വാനം. അതേ ആഹ്വാനം മഥുരയിലെ ബജ്ന പഞ്ചായത്തിലെ രാഷ്ട്രീയ ലോക് ദൾ നേതാവ് ജയന്ത് ചൗധരിയും ഉന്നയിച്ചു.
ബജ്നയിലെ മഹാപഞ്ചായത്തിന് ശേഷം ആയിരക്കണക്കിന് കര്‍ഷകര്‍ പലയിടങ്ങളിലായി സമ്മേളിച്ചു. നന്ദ കിഷോർ ഗുർജറിനെതിരെ പ്രാദേശിക ബിജെപി നേതാക്കളും രംഗത്തെത്തി. ഗുർജാറിന്റെ ഇടപെടല്‍ കാരണം കര്‍ഷകര്‍ ബിജെപിക്ക് എതിരായെന്നാണ് വിമര്‍ശനം.
ഭാരതീയ കിസാന്‍ യൂണിയനല്ല പോസ്റ്ററുകള്‍ക്ക് പിന്നിലെന്നും പ്രാദേശികമായ പ്രതിഷേധമാവുമെന്നും ബികെയു ജനറല്‍ സെക്രട്ടറി യുഥ്വിര് സിങ് പറഞ്ഞു. ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ ഏത് ആയാലും കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.