പതിഞ്ചുകാരിയെ അഞ്ച് മാസത്തോളം പീഡിപ്പിച്ചു; എട്ട് പേര് അറസ്റ്റില്‍
കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം പീഡനത്തിനിരയാക്കിയ കേസില്‍ കുട്ടിയുടെ ബന്ധുവായ സ്ത്രീയടക്കം എട്ട് പേര് പിടിയില്‍. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
പതിനഞ്ചുകാരിയെ 17 പേര് ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചുവെന്ന് കാണിച്ച് ജില്ലാ ശിശുക്ഷേമ സമിതി ചെയര്മാന് കഴിഞ്ഞ ജനുവരി 30ന് ശൃംഗേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. '' കുട്ടിയെ അഞ്ച് മാസം ഇവര്‍ പീഡനത്തിനിരയാക്കിയെന്നും ബന്ധുവായ സ്ത്രീ കേസിലെ മുഖ്യപ്രതിയാണെന്നും അഡീഷണല്‍ എസ്.പി സ്രിതി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
പീഡനത്തിരയായ പെണ്‍കുട്ടി ഒരു മെറ്റല്‍ ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്യുമ്പോള്‍ ഡ്രൈവറായ ഗിരീഷിനെ പരിചയപ്പെടുകയും ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗിരീഷ് കുട്ടിയുടെ ഫോണ്‍ നമ്പര്‍ സ്മോള്‍ അഭി എന്നയാള്‍ക്ക് നല്കി. അഭിയും കുട്ടിയെ പീഡനത്തിനിരയാക്കി. കൂടാതെ ഇയാള്‍ കുട്ടിയുടെ ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. അഭിയുടെ സുഹൃത്തുക്കളും കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയുടെ അറിവോടെയായിരുന്നു പീഡനം. കുട്ടിയുടെ അമ്മ മൂന്നു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. പിന്നീട് ഈ സ്ത്രീയുടെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി.
സ്മോള്‍ അഭി, ഗിരീഷ്, വികാസ്, മണികണ്ഠ, സമ്പത്ത്, അശ്വത്ഗൌഡ, രാജേഷ്, അമിത്, സന്തോഷ്, ദീക്ഷിത്, സന്തോഷ്, നിരഞ്ജന്, നാരായണ ഗൌഡ, അഭി ഗൌഡ, യോഗേഷ്, എം.ജി.ആര് ക്രഷര്‍ ഉടമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ഇവര്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട്.
അതേസമയം എഫ്.ഐ.ആറില്‍ പേരുള്ള ചിലര്‍ക്ക് ബി.ജെ.പി ബന്ധമുള്ളതായി കര്‍ണാടകയിലെ കോണ്‍ഗ്രസ് വക്താവ് ലാവണ്യ ആരോപിച്ചു. കേസില്‍ എം.പി ശോഭ കരന്ദ്ലെജെയും ബി.ജെ.പി ദേശീയ സെക്രട്ടറി സി.ടി രവിയും മൌനം പാലിക്കുകയാണെന്ന് ലാവണ്യ ചൂണ്ടിക്കാട്ടി. എവിടെയെല്ലാം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമം നടക്കുന്നുവോ അതിലെല്ലാം ചില ബി.ജെ.പി എം.എല്‍.എമാര്‍ക്ക് ബന്ധമുണ്ടാകാറുണ്ടെന്നും ലാവണ്യ കൂട്ടിച്ചേര്‍ത്തു.